സഊദിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വ്യാപകമായി സ്വകാര്യവത്കരിക്കുന്നു
ജിദ്ദ: സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി സഊദിയിലെ പല പൊതു സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുന്നു. പൊതു ചെലവുകള്‍ ഗണ്യമായി കുറയ്ക്കാനും പുതിയ പദ്ധതികളിലൂടെ സാധിച്ചു. സേവനം മെച്ചപ്പെടുത്തുക, എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കുന്നത്. ഇതിലൂടെ 20,000 കോടി റിയാല്‍ സമാഹരിക്കാനാകും എന്നാണു പ്രതീക്ഷ.
പൊതുമേഖലയിലെ പല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സാമ്പത്തിക ആസൂത്രണ സഹമന്ത്രി മുഹമ്മദ് അല്‍ തുവൈജിരി അറിയിച്ചു. വൈദ്യുതി, ജലം, സ്‌പോര്‍ട്‌സ്, ധാന്യ മില്ലുകള്‍ തുടങ്ങിയ മേഖലകള്‍ ഈ വര്‍ഷം തന്നെ സ്വകാര്യവല്‍ക്കരിക്കും. പതിനേഴ് സര്‍ക്കാര്‍ വകുപ്പുകളിലായി 85 മേഖലകളില്‍ നിക്ഷേപത്തിനുള്ള അവസരങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയവ പദ്ധതിയില്‍ പെടും. ദേശീയ സ്വകാര്യവല്‍ക്കരണ കേന്ദ്രം വഴിയാണ് പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഇതില്‍ അംഗങ്ങളാണ്.
രാജ്യത്ത് വ്യാപകമായി സബ്‌സിഡികള്‍ വിതരണം ചെയ്യുന്നുണ്ട്. അത് അര്‍ഹരായവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇതിലൂടെ ചെലവു ചുരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി മുഹമ്മദ് അത്തുവൈജിരി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളെ വന്‍കിട കമ്പനികളായി പരിവര്‍ത്തിപ്പിക്കും. ഇതിന്റെ തുടക്കമാണ് റിയാദിലെ കിങ് ഫൈസല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കമ്പനിയാക്കുന്നത്. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു ഇവര്‍ക്കു ഏറ്റവും മികച്ച ചികിത്സ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സഊദിയിലെ പ്രധാന വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കും. ഇതിനായി ഗ്രൗണ്ട് സപ്പോര്‍ട്ട്, കാറ്ററിങ്, കാര്‍ഗോ, എയര്‍ലൈന്‍ തുടങ്ങിയ വിഭാഗങ്ങള്‍ വ്യത്യസ്ത കമ്പനികളാക്കി സ്വകാര്യവത്കരണം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്.
രാജ്യത്ത് ചെലവുചുരുക്കാനുളള പദ്ധതികള്‍ ലക്ഷ്യംകാണും. അതുവഴി ബജറ്റില്‍ ലക്ഷ്യമിട്ട നേട്ടം കൈവരിക്കാന്‍ കഴിയുമെന്നും മുഹമ്മദ് അത്തുവൈജിരി വ്യക്തമാക്കി.
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിരവധി പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ കൊണ്ട് വരുന്നത്. സ്വകാര്യവത്കരണത്തിനു പുറമേ പൊതു ചെലവുകള്‍ ഗണ്യമായി കുറച്ചു കൊണ്ട് വരാനും തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യപാദത്തില്‍ മാത്രം പൊതു ചെലവ് ഇനത്തില്‍ 450 കോടി റിയാല്‍ കുറയ്ക്കാന്‍ സാധിച്ചു. ഈ കാലയളവില് 5600 കോടി റിയാല്‍ ബജറ്റ് കമ്മി പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 2,600 കോടി റിയാലായി കുറഞ്ഞു. 2020 ഓടെ ബജറ്റ് കമ്മി പാടെ ഇല്ലാതാക്കാനാണ് പദ്ധതി. എണ്ണയിതര മാര്‍ഗങ്ങളിലൂടെ ആദ്യപാദത്തില്‍ 500 കോടിയോളം റിയാല്‍ സമാഹരിച്ചു. ആഭ്യന്തര ഉത്പാദനം ഈ കാലയളവില്‍ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."