സി.പി.ഐയുടെ സന്ദേശത്തിന് ദൂരദര്ശന് സംപ്രേഷണാവസരം നിഷേധിച്ചു
ന്യൂഡല്‍ഹി: ആര്.എസ്.എസിനെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്നുവെന്ന കാരണത്താല്‍ സി.പി.ഐയുടെ രാഷ്ട്രീയ പ്രചാരണ സന്ദേശത്തിന് സംപ്രേഷണാവസരം ദൂരദര്ശന് നിഷേധിച്ചു. ആര്.എസ്.എസിനെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കംചെയ്താല്‍ സംപ്രേഷണം നടത്താമെന്ന് ദൂരദര്ശന് അറിയിച്ചെങ്കിലും രാഷ്ട്രീയ വിമര്‍ശനം ഒഴിവാക്കിയുള്ള പ്രസംഗം അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി സി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രാഷ്ട്രീയ സന്ദേശം നല്കാന് സി.പി.ഐക്ക് അഞ്ചുമിനിട്ടായിരുന്നു അനുവദിച്ചത്. സന്ദേശം മുന്‍കൂട്ടി എഴുതിനല്‍കിയിരുന്നു. ഇതില്‍ ആര്.എസ്.എസിനേയും ബി.ജെ.പിയേയും വിമര്‍ശിക്കുന്ന മുഴുവന്‍ ഭാഗങ്ങളും ദൂരദര്ശന് അധികൃതര്‍ വെട്ടിയാണ് സന്ദേശം അവതരിപ്പിക്കാനെത്തിയ സി.പി.ഐ രാജ്യസഭാ എം.പി ബിനോയ് വിശ്വത്തിന് നല്‍കിയത്. വെട്ടിത്തിരുത്തലുകളോടെയുള്ള സന്ദേശം അവതരിപ്പിക്കാന്‍ തയാറല്ലെന്ന് ബിനോയ് വിശ്വം നിലപാടെടുത്തു.
സംഭവത്തില്‍ ദൂരദര്ശന് അധികൃതരുടെ വിശദീകരണം എഴുതി വാങ്ങിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. അതേസമയം, ഇതേ പ്രസംഗം ചെറിയ മാറ്റങ്ങളോടെ ആകാശവാണി റിക്കാര്‍ഡ് ചെയ്തിട്ടുണ്ടെന്നും 25ാം തിയതി സംപ്രേഷണം ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്വതന്ത്ര സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും ബി.ജെ.പി സര്‍ക്കാര്‍ കൈയടക്കിവച്ചു നിയന്ത്രിക്കുകയാണെന്നും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ വെട്ടിക്കളയുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."