സുദാന്‍: ഉമര്‍ അല്‍ ബഷീറിന്റെ സഹോദരന്മാരെയും അറസ്റ്റ് ചെയ്തു
സമരം കൂടുതല്‍ ശക്തിപ്രാപിക്കുന്നു
മുന്‍ പ്രസിഡന്റിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കു വിട്ടുകൊടുക്കില്ലെന്നു സൈന്യം
ഖാര്‍ത്തൂം: ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ പുറത്താക്കപ്പെട്ട സുദാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിന്റെ രണ്ടു സഹോദരന്മാരെ സൈനിക ഭരണകൂടം അറസ്റ്റ് ചെയ്തു. അബ്ദുല്ല ഹസന്‍ അല്‍ ബഷീര്‍, അലാബാസ് ഹസന്‍ അല്‍ ബഷീര്‍ എന്നിവരെയാണ് ഇന്നലെ ജയിലിലടച്ചത്.
വീട്ടുതടങ്കലിലായിരുന്ന ബഷീറിനെ കഴിഞ്ഞ ദിവസം ഉത്തര ഖാര്‍ത്തൂമിലെ കോബാര്‍ ജയിലിലിലേക്കു മാറ്റിയിരുന്നു. മുന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിരുന്നു. 30 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനു ശേഷം പുറത്തായ ഉമര്‍ അല്‍ ബഷീറിനെ ഡസന്‍ കണക്കിന് പട്ടാള ഓഫിസര്‍മാരുടെ അകമ്പടിയോടെ ജയിലിലേക്കു കൊണ്ടുവരുന്നത് കണ്ടതായി കോബാര്‍ ജയിലിലെ കാവല്‍ക്കാരനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അതേസമയം, മുന്‍ പ്രസിഡന്റിനെ ദര്‍ഫുറിലെ വംശഹത്യക്കും യുദ്ധക്കുറ്റത്തിനും വിചാരണ ചെയ്യാനായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കു വിട്ടുകൊടുക്കില്ലെന്നും മാതൃരാജ്യത്തു തന്നെ അദ്ദേഹത്തെ വിചാരണ ചെയ്യുമെന്നും സൈനിക ഭരണകൂടം അറിയിച്ചു.
അതിനിടെ അധികാരം ജനകീയ സര്‍ക്കാറിനു കൈമാറണമെന്നാവശ്യപ്പെട്ട് സുദാനില്‍ പ്രക്ഷോഭം തുടരുകയാണ്. രാജ്യത്തെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സൈനിക ആസ്ഥാനത്തേക്കു നടത്തുന്ന മാര്‍ച്ചില്‍ ദിനംപ്രതി നൂറുകണക്കിനു ജനങ്ങള്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യം, സമാധാനം, നീതി, വിപ്ലവം ജനങ്ങളുടെ അവകാശം എന്നെഴുതിയ പ്ലക്കാര്‍ഡുകളും പതാകകളുമായി വെള്ള കോട്ടിട്ട ഡോക്ടര്‍മാര്‍ സമരരംഗത്ത് സജീവമാണ്.
ഇന്നലെ ആയിരങ്ങള്‍ മാര്‍ച്ചില്‍ അണിനിരന്നു. മാധ്യമസ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജേണലിസ്റ്റുകളുടെ റാലിയും തലസ്ഥാനത്ത് നടന്നു. എന്‍ജിനീയര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തില്‍ അണിചേര്‍ന്നു. വനിതകളും വിദ്യാര്‍ഥികളും തൊഴിലാളികളുമെല്ലാം ഇവരോടൊപ്പമുണ്ട്.
സമരത്തിനു നേരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും നിരവധി പേരെ ജയിലിലടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സൈന്യം അധികാരമൊഴിയണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ തെരുവുകള്‍ കൈയടക്കിക്കഴിഞ്ഞു. കനത്ത ചൂടിനെ വകവയ്ക്കാതെ പാട്ടുപാടിയും നൃത്തം ചെയ്തും സമരത്തെ ആഘോഷമാക്കുന്ന കാഴ്ചയാണ് തലസ്ഥാനത്ത്.
ചിലര്‍ മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നുണ്ട്. വ്യാപാരികളും ബിസിനസുകാരും സമരക്കാര്‍ക്ക് സൗജന്യമായി കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നുമുണ്ട്.
എന്നാല്‍ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനു കൈമാറാന്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് സൈന്യത്തിന്റെ നിലപാട്.
സമരക്കാരുമായി ചില ഒത്തുതീര്‍പ്പുകള്‍ക്ക് സൈനിക കൗണ്‍സില്‍ തയാറായി. രാജ്യത്തെ ഉയര്‍ന്ന റാങ്കിലുള്ള മൂന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ മാറ്റുക, പുതിയ ഇന്റലിജന്‍സ് മേധാവിയെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് സൈന്യം അംഗീകരിച്ചത്.
ജനകീയ പ്രധാനമന്ത്രിയെ നിയമിക്കാനും തയാറാണെന്ന് സൈന്യം സമരനേതാക്കളെ അറിയിച്ചു.
എന്നാല്‍ ആഭ്യന്തര വകുപ്പും പ്രതിരോധവകുപ്പും വിട്ടുകൊടുക്കില്ലെന്നും സൈന്യം അറിയിച്ചു. സമരക്കാര്‍ ഇതിനോടു പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."