മൂന്നു വയസുകാരന് ക്രൂരമര്‍ദനം; മാതാവ് അറസ്റ്റില്‍
ആലുവ: മൂന്നു വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മാതാവ് അറസ്റ്റില്‍. വധശ്രമം, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി ഇവരെ എറണാകുളം കോടതി റിമാന്‍ഡ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശിനി ഹീന ഖാത്തും (28) ആണ് റിമാന്‍ഡിലായത്. ജുവനൈല്‍ ജസ്റ്റിസ് സെക്ഷന്‍ 75 , ഐ.പി.സി 307 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുട്ടിയുടെ മാതാവ് ജാര്‍ഖണ്ഡ് സ്വദേശിയും പിതാവ് പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ്. ഒരു വര്‍ഷം മുന്‍പാണ് കുട്ടിയും മാതാവും പ്രദേശത്ത് എത്തിയത്. ഇവര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ പൊലിസ് അന്വേഷണം നടത്തി. ഇവരെ കൊണ്ടുവന്ന ഏജന്റുമാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ട്.
ഏലൂര്‍ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അതേസമയം, ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മസ്തിഷ്‌കത്തിലെ രക്തസ്രാവം ഒഴിവാക്കുന്നതിനായി കഴിഞ്ഞ ദിവസം രാത്രി മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയമാക്കിയിരുന്നു. അതിനുശേഷം കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയയെ തുടര്‍ന്ന് രക്തസ്രാവം നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ച അവസ്ഥയിലാണ്. തലച്ചോറിലെ വലതു ഭാഗത്തേറ്റ പരുക്കാണ് ഏറെ ഗുരുതരം. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനവും സൂഷ്മ നിരീക്ഷണത്തിലാണ്. ആലുവ രാജഗിരി ആശുപത്രിയിലെ വിവിധ ചികിത്സ വിഭാഗങ്ങള്‍ ഏകോപിപ്പിച്ചാണ് ചികിത്സ നടത്തുന്നത്.
കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഫോറന്‍സിക് മെഡിസിന്‍ മേധാവി ഡോ.എന്‍. ജയദേവ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണിപ്പടിയില്‍നിന്നു വീണു പരുക്കേറ്റുവെന്നാണ് ആശുപത്രിയില്‍ ആദ്യം രക്ഷിതാക്കള്‍ പറഞ്ഞിരുന്നത്. പൊലിസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മര്‍ദന വിവരം പുറത്തുവന്നത്. പറഞ്ഞത് അനുസരിക്കാഞ്ഞപ്പോള്‍ തല്ലിയെന്നാണ് മാതാവ് പറയുന്നത്. ശരീരത്തിന്റെ പല ഭാഗത്തും മര്‍ദനമേറ്റ പാടുകളുണ്ട്. പിന്‍ഭാഗത്ത് ചട്ടുകമോ മറ്റോ വച്ച് പൊള്ളിച്ച പാടുകളുമുണ്ട്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സ്വകാര്യ കമ്പനിയില്‍ ക്രെയിന്‍ ഓപറേറ്ററായി ഒരു വര്‍ഷമായി പ്രദേശത്തുണ്ട്. കുട്ടിയെ മര്‍ദിച്ചതില്‍ പങ്കില്ലെന്നാണ് ഇയാളുടെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."