HOME
DETAILS
MAL
കൊവിഡ് ബാധിതരുടെ ഫോണ്‍ ചോര്‍ത്തി പൊലിസ്
backup
August 13 2020 | 01:08 AM
രോഗികളുടെ കോണ്ടാക്ട് ട്രേസിങ് എളുപ്പമാക്കാനാണെന്ന് വിശദീകരണം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ ഫോണ്‍ കോള്‍ റിക്കോര്‍ഡ് ചോര്‍ത്താന്‍ പൊലിസിനെ അനുവദിച്ച് ഡി.ജി.പി ഉത്തരവിറക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കണമെന്നും രോഗികളുമായി സംസാരിച്ചവരെ കണ്ടെത്തി നേരിട്ട് സമ്പര്‍ക്കമുണ്ടെങ്കില്‍ ക്വാറന്റൈനിലാക്കണമെന്നും എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും ഡി.ജി.പി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ടെലിഫോണ്‍ രേഖകള്‍ കര്‍ശനമായി ശേഖരിക്കണമെന്ന നിര്‍ദേശം നല്‍കിയത്. ബി.എസ്.എന്‍.എല്ലില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി വിനോദ് കുമാറിനെ ചുമതലപ്പെടുത്തി. ചില മേഖലകളില്‍ വൊഡഫോണില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.
നിലവില്‍ കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് സി.ഡി.ആര്‍ ശേഖരിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ പൊലിസ് രോഗികളുടെ ടെലിഫോണ്‍ രേഖകള്‍ വ്യാപകമായി ശേഖരിക്കാന്‍ നീക്കം തുടങ്ങി. ഒരാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാവുകയാണെങ്കില്‍ മാത്രമാണ് സാധാരണ സി.ഡി.ആര്‍ എടുക്കാറുള്ളത്. രോഗിയായതിന്റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ പൊലിസ് ശേഖരിക്കുന്നത് മൗലികാവകാശലംഘനമാണെന്ന ആക്ഷേപവും ശക്തമാവുകയാണ്. അതേസമയം, കോള്‍ ഡീറ്റൈല്‍ റെക്കോര്‍ഡ് ശേഖരിക്കാനുള്ള തീരുമാനം രോഗികളുടെ കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ ബലറാം കുമാര്‍ ഉപാധ്യായ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് സി.ഡി.ആറിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലിസിനെ
ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുടെ കോള്‍ റെക്കോഡ് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ അതിനൂതന വിദ്യകള്‍ പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള കോണ്ടാക്ട് ട്രേസിങ്ങിനായാണ് കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കി ഡി.ജി.പി ഉത്തരവിറക്കിയത്. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് ഈ രീതിയിലുള്ള വിവരശേഖരണം നടത്താന്‍ അനുമതിയുണ്ട്.
പൊതുജനാരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് കേരളത്തിലും സി.ഡി.ആര്‍ ശേഖരിച്ച് രോഗികളുടെ വിവരങ്ങള്‍ കണ്ടെത്തുന്നത്. ഏതാനും മാസങ്ങളായി ഈ മാര്‍ഗം ഉപയോഗിക്കുന്നുണ്ട്. കോണ്‍ടാക്ട് ട്രേസിങ്ങിനായുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയോ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാല്‍ സി.ഡി.ആര്‍ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം ആണെന്ന് വാദത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."