'നന്മ'യുടെ ബാലയരങ്ങ് മീനങ്ങാടിയില്‍
കല്‍പ്പറ്റ: കലാകാരന്മാരുടെ സംഘടനയായ 'നന്മ'യുടെ സാംസ്‌കാരിക സംഘം ബാലയരങ്ങിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സര്‍ഗവസന്തം സംസ്ഥാന ദ്വിദിന ശില്‍പശാല മീനങ്ങാടി, ആവയല്‍ ഓയിസ്‌ക എക്കോ റിസോഴ്‌സ് സെന്ററില്‍ മൂന്ന്, നാല് തീയതികളില്‍ നടക്കും. സംഗീതം, സാഹിത്യം, നൃത്തം, ചിത്രകല, അഭിനയം എന്നീ മേഖലകളിലെ പ്രശസ്തരുടെ നേതൃത്വത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
സാമൂഹ്യ പ്രതിബദ്ധതയും ആത്മാഭിമാനവും മാനസികാരോഗ്യവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് ശില്‍പശാലയുടെ ഉദ്ദേശ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് മൂന്നിന് രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ശില്‍പശാല നന്മ സംസ്ഥാന പ്രസിഡന്റ് സേവ്യര്‍ പുല്‍പ്പാട്ട് ഉദ്ഘാടനം ചെയ്യും. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ അധ്യക്ഷയാവും.
തുടര്‍ന്ന് കലാമണ്ഡലം സത്യവൃതന്‍, ഗിരീഷ് കാരാടി എന്നിവരുടെ നേതൃത്വത്തില്‍ പ്രശസ്ത കലാ അധ്യാപകര്‍ ക്ലാസെടുക്കും. നാലിന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷയാകും. ക്യാംപ് അംഗങ്ങള്‍ക്കും അധ്യാപകര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, സര്‍വിസില്‍ നിന്നു വിരമിക്കുന്ന സി. കസ്തൂരിഭായിക്ക് അനുമോദനം എന്നിവ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.വി സ്റ്റാനി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.കെ പ്രമോദ്, ട്രഷറര്‍ എസ് ചിത്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."