സര്‍ക്കാരുകളുടേത് പ്രകൃതിയോടുള്ള വെല്ലുവിളി
പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ താല്‍പര്യം സാമ്പത്തിക നേട്ടത്തില്‍ അധിഷ്ഠിതമാണെന്ന് മാധവ് ഗാഡ്ഗില്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തുകയുണ്ടായി. പ്രകൃതിയോടുള്ള വെല്ലുവിളികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഇ.ഐ.എ 2020 കരട് വിജ്ഞാപനത്തിനെതിരേ തന്റെ പ്രതിഷേധം അറിയിക്കുമ്പോഴാണ് ഇത്തരമൊരു പരാമര്‍ശം അദ്ദേഹത്തില്‍ നിന്നുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഈ വിഷയത്തിലുള്ള നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ ഗാഡ്ഗില്‍ നൂറു ശതമാനവും ശരിയാണെന്ന് ബോധ്യമാകും. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനെതിരേ സംസ്ഥാനത്തെ ഇരു മുന്നണികളും രംഗത്തുവന്നിരുന്നു. തികച്ചും വോട്ട് ബാങ്ക് താല്‍പര്യം മുന്നില്‍ കണ്ടാണ് മുന്നണികള്‍ ഇത്തരമൊരു നിലപാടെടുത്തത്. ആ നിലപാടുകളുടെ ദുരന്തഫലങ്ങള്‍ ഓരോ ഓഗസ്റ്റ് മാസത്തിലും പ്രളയ രൂപത്തില്‍ കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നു.
2011ല്‍ ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി പെട്ടിമുടി പ്രദേശത്തെ അതീവ ലോല പരിസ്ഥിതി മേഖലയിലാണ് (ഇഎസ് സെഡ്) ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തരം പ്രദേശങ്ങളില്‍ പ്രകൃതി ചൂഷണം ഉണ്ടാകുമ്പോള്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കും. അങ്ങനെ വരുമ്പോള്‍ ഗാഡ്ഗില്‍ പറഞ്ഞതു പോലെ സംഭവിക്കാന്‍ ഒരുങ്ങിനിന്ന ദുരന്തമാണ് പെട്ടിമുടിയില്‍ ഉണ്ടായത്. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് കുഴിച്ചുമൂടിയതിന്റെ അനന്തരഫലം. എന്നാല്‍ ഇതില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിക്കുന്നുണ്ടോ? ഇല്ലെന്നു തന്നെ പറയേണ്ടിവരും.
അതിനുള്ള രണ്ട് ഉദാഹരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചത്. അതിലൊന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ 2020) വിജ്ഞാപനത്തിന്റെ കരട് രേഖയില്‍ അഭിപ്രായം അറിയിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ വിയോജിപ്പറിയിച്ചത്. എന്നാല്‍, ഇത്തരം പരിസ്ഥിതി പ്രശ്‌നങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ യഥാര്‍ഥ നയം എന്താണെന്ന് വെളിപ്പെടുത്തുന്ന നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഉണ്ടായി. ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള ക്വാറികളുടെ ദൂരപരിധി 200 മീറ്ററായി കഴിഞ്ഞ 21ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) ഉത്തരവിട്ടിരുന്നു. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്ന ക്വാറികള്‍ക്കായിരുന്നു ഈ ഉത്തരവ് നല്‍കിയിരുന്നത്. അല്ലാത്തവയുടെ പരിധി നൂറു മീറ്ററാക്കിയും ഉത്തരവ് നല്‍കി. എന്നാല്‍ ക്വാറികള്‍ക്ക് ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 50 മീറ്റര്‍ അകലം മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരേ ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരും അതിനൊപ്പം കൂടിയതിലൂടെ പരിസ്ഥിതി സംരക്ഷണത്തിലുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പുറത്തായത്. ഹൈക്കോടതി ഹരജിക്കാര്‍ക്കനുകൂലമായ നിലപാടാണ് എടുത്തത്. പ്രത്യേക ഭൂപ്രകൃതിയുള്ള കേരളത്തില്‍ എന്‍.ജി.ടി വ്യവസ്ഥ നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ ക്വാറികള്‍ നിര്‍ത്തേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഹൈക്കോടതിയെ ബോധിപ്പിച്ചത്.
ഒരു വശത്ത് ഇ.ഐ.എ പദ്ധതി നടപ്പിലാക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും അതിനാല്‍ വിയോജിപ്പുണ്ടെന്നും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുക, അതോടൊപ്പം തന്നെ ക്വാറി ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ അവര്‍ക്കൊപ്പം ഹൈക്കോടതിയില്‍ പോവുക. എന്തൊരു വിചിത്രമായ നിലപാടാണിത്.
പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ) സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ വ്യവസ്ഥകള്‍ നിലവില്‍വന്നാല്‍ സംസ്ഥാനത്ത് അനധികൃത ക്വാറികള്‍ എന്നൊന്ന് ഉണ്ടാകില്ല. കരട് വിജ്ഞാപനം അനുസരിച്ച് അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ല. ഈ നിര്‍ദേശം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതിന് ആക്കം കൂട്ടുന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ഗാഡ്ഗില്‍, പെട്ടിമുടിയിലെ ദുരന്തം സംഭവിക്കാന്‍ ഒരുങ്ങി നിന്നതെന്ന് പറഞ്ഞതോര്‍ക്കണം. മരങ്ങള്‍ വ്യാപകമായി വെട്ടിനശിപ്പിക്കപ്പെടുമ്പോള്‍ കുത്തനെയുള്ള ഭൂമിയില്‍ ശക്തമായ മഴ ഉണ്ടാകുന്ന വേളകളിലാണ് ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നത്. മൂന്നാറിലെ രാജമലയ്ക്കടുത്ത പെട്ടിമുടി ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശമാണെന്ന് ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഗാഡ്ഗില്‍ അന്ന് പറഞ്ഞത്. പരിസ്ഥിതി ലോല മേഖലകളില്‍ സ്വാഭാവിക വനവും മണ്ണും നീക്കം ചെയ്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് അവഗണിക്കുകയായിരുന്നുവെന്നും അതാണിപ്പോള്‍ പെട്ടിമുടിയിലെ ദുരന്തത്തിന് കാരണമായതെന്നും ഗാഡ്ഗില്‍ പറയുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തിക നേട്ടത്തിനും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് തന്നെയാണ് കരുതേണ്ടത്. നേരത്തെ അദ്ദേഹം തയാറാക്കിയ പരിസ്ഥിതി പഠനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി അട്ടിമറിച്ചു. ഇപ്പോഴിതാ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ 2020 കരട് രേഖയിലൂടെ പരിസ്ഥിതിയുടെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നു.
മണ്ണും ജലവും ആവാസവ്യവസ്ഥയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ അത്തരം നിലപാടുകളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അതിശക്തമായ ജനകീയ സമരങ്ങള്‍ കൊണ്ടു മാത്രമേ സാധ്യമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."