ആമസോണില്‍ ഇനി മരുന്നും വാങ്ങാം; ഓണ്‍ലൈന്‍ ഫാര്‍മസിക്ക് തുടക്കമായി
ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ ഇനി മരുന്നും വാങ്ങാം. ഇതിനായി ആമസോണ്‍ ഫാര്‍മസി എന്ന പുതിയ വിഭാഗം ആരംഭിച്ചു. തുടക്കം എന്ന നിലയില്‍ ബാംഗ്ലൂരിലാണ് സേവനം ആരംഭിച്ചിരിക്കുന്നത്. മറ്റ് നഗരങ്ങളില്‍ സേവനം സംബന്ധിച്ച പൈലറ്റ് സര്‍വീസ് പ്രോഗ്രാമുകള്‍ കമ്പനി നടപ്പാക്കി വരുകയാണ്.
കൊവിഡ് ലോക്ക്ഡൗണ്‍ സമയത്തും അണ്‍ലോക്ക് പ്രഖ്യാപനത്തിന് ശേഷവും ബിസിനസില്‍ പ്രതീക്ഷ നല്‍കുന്ന മുന്നേറ്റങ്ങള്‍ ഉണ്ടായതായാണ് ആമസോണ്‍ വിലയിരുത്തുന്നത്.
ലോക്ക്ഡൗണും സാമൂഹിക അകലവും ഉപഭോക്താക്കളെ കണ്‍സള്‍ട്ടേഷന്‍, ചികിത്സ, മെഡിക്കല്‍ പരിശോധനകള്‍, മരുന്ന് വിതരണം എന്നിവയ്ക്കായി ഓണ്‍ലൈന്‍ മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പുകളായ പ്രാക്ടോ, നെറ്റ്‌മെഡ്‌സ്, 1 എം ജി, ഫാം ഈസി, മെഡ് ലൈഫ് എന്നിവ ഡിമാന്‍ഡില്‍ വന്‍ കുതിച്ചുചാട്ടം നേടിയെടുത്തു. ഫണ്ടിംഗ് പ്രവര്‍ത്തനങ്ങളിലും ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നേറ്റം ഉണ്ടായി. എഡ്‌ടെക് പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായ മുന്നേറ്റമാണ് ഇവയ്ക്കുണ്ടായത്.
'ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ കടമയുടെ ഭാഗമായി, ബംഗളൂരുവില്‍ ഞങ്ങള്‍ ആമസോണ്‍ ഫാര്‍മസി ആരംഭിക്കുന്നു. ഓവര്‍-ദി-കൗണ്ടര്‍ മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, സര്‍ട്ടിഫൈഡ് വില്‍പനക്കാരില്‍ നിന്നുള്ള ആയുര്‍വേദ മരുന്നുകള്‍ എന്നിവയ്ക്ക് പുറമേ കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഇന്നത്തെ കാലത്ത് ഇത് പ്രത്യേകിച്ചും പ്രസക്തമാണ്, വീട്ടില്‍ സുരക്ഷിതമായി തുടരുമ്പോള്‍ ഉപഭോക്താക്കളെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ സേവനം സഹായിക്കും, ''ആമസോണ്‍ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."