എലിപ്പേടിയില്‍ പയ്യാവൂര്‍ പൊലിസ് സ്റ്റേഷന്‍
കണ്ണൂര്‍: സ്‌റ്റേഷനിലെ പ്രധാനപ്പെട്ട ഫയലുകളും കേസിന്റെ തൊണ്ടി മുതലും സൂക്ഷിക്കാന്‍ കഷ്ടപ്പെടുകയാണ് പയ്യാവൂര്‍ സ്റ്റേഷനിലെ പൊലിസുകാര്‍. എലികള്‍ വിലപ്പെട്ട രേഖകള്‍ കരണ്ട് തീര്‍ക്കുമോയെന്ന ഭയത്തിനു പുറമെ മഴക്കാലമായാല്‍ വെള്ളം വീണു രേഖകള്‍ നശിക്കുമെന്ന ഭയവുമുണ്ട് ഇവര്‍ക്ക്.
36 പൊലിസുകാര്‍ ഡ്യൂട്ടി ചെയ്യുന്ന മലയോരത്തെ പൊലിസ് സ്റ്റേഷന്റെ അവസ്ഥയാണിത്. പഞ്ചായത്ത് ഉപേക്ഷിച്ച കെട്ടിടത്തിലാണ് 10 വര്‍ഷമായി പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ചു വനിതകളടക്കം ജോലി ചെയ്യുന്നുണ്ടെങ്കിലും സ്വന്തമായി ടോയ്‌ലറ്റ് സൗകര്യവും ഇല്ല. കൃഷിഭവനിലേക്കും പഞ്ചായത്തിലേക്കും വരുന്നവര്‍ ഉപയോഗിക്കുന്ന പൊതു ടോയ്‌ലറ്റാണു പൊലിസുകാര്‍ക്കു ആശ്രയം. തുടര്‍ച്ചയായ ജോലിക്കിടെ തളര്‍ച്ച തോന്നിയാല്‍ വിശ്രമിക്കാനും സൗകര്യമില്ല. ഇതിനിടെ ഒഴിഞ്ഞു പോകണമെന്നു പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും മറ്റു നിവൃത്തിയില്ലാത്തതിനാല്‍ ഈ കെട്ടിടത്തില്‍ തുടരുകയാണ്. ജില്ലയില്‍ മാവോയിസ്റ്റ് അക്രമണ സാധ്യതകളുള്ള സ്റ്റേഷനാണിത്. റോഡിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന സ്‌റ്റേഷനു പ്രതിരോധത്തിനായി മറഞ്ഞിരിക്കാന്‍ മതിലും ഇല്ല. പുതിയ കെട്ടിടത്തിനായി കണ്ടകശേരിയില്‍ പള്ളി വക 36സെന്റ് സ്ഥലം ലഭിച്ചിരുന്നു. ഇവിടെ കെട്ടിട നിര്‍മാണം തുടങ്ങിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മറ്റൊരു പ്രശ്‌നമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."