രാജന്റെ മരണം: ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്
കൂത്തുപറമ്പ്: മൂന്നാംപീടിക കരിയിലെ പുത്തന്‍പുരയില്‍ രാജന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപവല്‍കരിച്ചു.
മാങ്ങാട്ടിടം പഞ്ചായത്തംഗം കെ സത്യഭാമ ചെയര്‍മാനായും പി. സജിത്ത് കണ്‍വീനറായുമാണ് കമ്മിറ്റി രൂപവല്‍കരിച്ചത്. മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാറ്റാന്‍ ആവശ്യമായ നടപടികള്‍ പൊലിസ് സ്വീകരിക്കുക. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളാണ് കമ്മിറ്റിക്കുള്ളത്. ഇതിനായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് കമ്മിറ്റിയംഗങ്ങള്‍.
മൂന്നാംപീടികയില്‍ മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിന് സമീപം കരിയില്‍ പുത്തന്‍പുരയില്‍ രാജനെ(65)കഴിഞ്ഞ ഫെബ്രുവരി 22നാണ് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊലപാതകമാണെന്ന നിഗമനത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടും പ്രതികളെ കണ്ടെത്താനോ മരണത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് തെളിയിക്കാനോ പൊലിസിന് കഴിഞ്ഞിട്ടില്ല.
മൂത്രാശയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു രാജന്‍.രാത്രി ഉറങ്ങാന്‍ കിടന്ന രാജനെ പുലര്‍ച്ചെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് 300 മീറ്ററോളം അകലെയുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യ ചെയ്യാന്‍ പോകുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം.
കൈയ്യില്‍ തോര്‍ത്ത് മുണ്ടുണ്ടായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞത്.കഴുത്തിന് പരുക്കുമുണ്ടായിരുന്നു. തുടര്‍ന്ന് കൂത്തുപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.രാജന്റെ അടുത്ത ബന്ധുക്കളുള്‍പ്പെടെ നാലുപേരെ ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൂത്തുപറമ്പ് സി.ഐ യു.പ്രേമനാണ് അന്വേഷണ ചുമതലയുണ്ടായിരുന്നത്. തലശ്ശേരി ഡി.വൈ.എസ്.പി. പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലുള്ളവരെ ദിവസങ്ങളോളം വിശദമായി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് രാജന്റെ പെണ്‍മക്കളും സഹോദരനും അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു.
ഇവര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതിയും നല്‍കിയിരുന്നു.എന്നാല്‍ കേസന്വേഷണത്തിന് യാതൊരു പുരോഗതിയുമുണ്ടായില്ല. ഇതേ തുര്‍ന്നാണ് നാട്ടുകാര്‍ കര്‍മ്മ സമിതി രൂപവല്‍ക്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."