എം.കെ ദാമോദരന്‍ പ്രശ്‌നം സര്‍ക്കാരിന് നാണക്കേടുണ്ടാക്കി
തിരുവനന്തപുരം: സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കിയ തീരുമാനമായിരുന്നു മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം.കെ ദാമോദരനെ നിയമിച്ചത്. ആദ്യം സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറത്തും പരസ്യമായി രംഗത്തുവന്നിരുന്നു.
എന്നാല്‍ സര്‍ക്കാരിനെതിരേയുള്ള രണ്ടു കേസുകളില്‍ തുടര്‍ച്ചയായി അദ്ദേഹം ഹാജരായപ്പോള്‍ പിണറായി നിയമസഭയില്‍ എം.കെ ദാമോദരനെ ന്യായീകരിച്ചു. എന്നാല്‍ കോടിയേരിയടക്കം മറ്റു നേതാക്കള്‍ മൗനംപാലിച്ചു.
മുഖ്യമന്ത്രിയും പാര്‍ട്ടിയും അഴിമതിക്കെതിരേ ശക്തമായി രംഗത്തുണ്ടെന്നിരിക്കേ അഴിമതി കേസില്‍ പ്രതിയായ ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ചന്ദ്രശേഖരനുവേണ്ടി ദാമോദരന്‍ ഹാജരായത് പാര്‍ട്ടി ഘടകങ്ങളില്‍ തന്നെ ചര്‍ച്ചയായി. എന്നിട്ടും പാര്‍ട്ടിയോ മുഖ്യമന്ത്രിയോ ദാമോദരനെ ഒഴിവാക്കാന്‍ തയാറായില്ല. ബി.ജെ.പി കേസുമായി ഹൈക്കോടതിയിലെത്തിയപ്പോഴാണ് സര്‍ക്കാരിനു ബോധോദയം ഉണ്ടായത്.
ദാമോദരന്‍ വിഷയത്തില്‍ ഘടകകക്ഷിയായ സി.പി.ഐയും ഒപ്പമുള്ള മന്ത്രിമാരും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പരസ്യമായി പറഞ്ഞില്ലെങ്കിലും എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കാന്‍ സി.പി.ഐ തീരുമാനിച്ചിരുന്നു. ഇതോടെ അധികാരത്തിലെത്തി 56ാമത്തെ ദിവസം തീരുമാനം പിന്‍വലിക്കേണ്ടിവന്നത് സര്‍ക്കാരിന് തിരിച്ചടിയായി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയോടെ എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് തുടക്കം മുതലേ വിവാദമായിരുന്നു.
തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ കക്ഷിയായ അഴിമതിക്കേസുകളിലടക്കം എം.കെ ദാമോദരന്‍ എതിര്‍കക്ഷിയുടെ വക്കാലത്തെടുക്കുന്നത്. ഇതോടെ ദാമോദരന്‍ നിയമോപദേശക സ്ഥാനത്തു തുടരുന്നത് ശരിയല്ലെന്ന് വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ത്തിയത് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനായിരുന്നു. ലോട്ടറി, കശുവണ്ടി കോര്‍പറേഷന്‍ അഴിമതി, ക്വാറി കേസുകള്‍ തുടങ്ങി എം.കെ ദാമോദരന്‍ ഹാജരാകുന്ന വിവാദ കേസുകളില്‍ സര്‍ക്കാര്‍ നിലപാട് സൂക്ഷ്മമായി വിലയിരുത്തപ്പെടും. വിഷയം കൈകാര്യം ചെയ്തതിലെ വീഴ്ച പ്രതിപക്ഷ നിരയിലും പുതിയ വിവാദത്തിന് തുടക്കമിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."