ബാബരി മസ്ജിദ് അധികാരാസക്തരുടെ തുറുപ്പുചീട്ട്
ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ കാരണമായിത്തീര്‍ന്ന ബാബരി മസ്ജിദ് ബി.ജെ.പിയുടെ സ്ഥാപക നേതാക്കളായ ലാല്‍കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് രാഷ്ട്രപതിയായി അധികാരമേല്‍ക്കാനുള്ള സാധ്യതയെ ഇല്ലായ്മ ചെയ്യുന്നതിനും കാരണമായിത്തീര്‍ന്നിരിക്കുന്നു. ഇതാണ് ഇക്കഴിഞ്ഞ ദിവസം ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ഗൂഢാലോചനക്കേസിന്റെ വിചാരണ പുന:സ്ഥാപിച്ചെടുക്കുന്ന സുപ്രിംകോടതി വിധിയിലൂടെ സംഭവിച്ചത്. അദ്വാനിയുടെ പെട്ടിയെടുപ്പുകാരനായി ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തിലേക്ക് കടന്നുകൂടിയ നരേന്ദ്രമോദി എന്ന അദ്വാനിയുടെ ശിഷ്യന്‍, സര്‍വശക്തനായ ഇന്ത്യന്‍ പ്രധാനമന്ത്രിയായി വാഴുമ്പോഴാണ് കേന്ദ്രകുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ ഗൂഢാലോചനാ കുറ്റത്തിലെ പ്രതികളായി വിചാരണ ചെയ്യാനുള്ള വിധി പുറപ്പെടുവിച്ചത്.
ഒറ്റനോട്ടത്തില്‍ ഇതിനെ സ്വജനപക്ഷപാതമില്ലാത്ത നീതിനിര്‍വഹണത്തിന്റെ സാക്ഷ്യമായി വിലയിരുത്താം. ബി.ജെ.പി കേന്ദ്രം ഭരിക്കുമ്പോള്‍ ബി.ജെ.പി നേതാവായ അദ്വാനി, സി.ബി.ഐ വാദിയായ ഒരു കേസില്‍ പ്രതിയായി വിചാരണാവിധേയനാകുന്നതില്‍ പ്രത്യക്ഷത്തില്‍ സ്വജനപക്ഷപാതമില്ലല്ലോ. ബി.ജെ.പി ഭരണത്തില്‍ സി.ബി.ഐ കൂട്ടിലടയ്ക്കപ്പെട്ട തത്തയാകേണ്ടിവരുന്നില്ലെന്ന പ്രതീതി ഉണ്ടാകുന്നതിനു അദ്വാനി വിചാരണ ചെയ്യപ്പെടുന്ന സംഭവം ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാം എന്നു ചുരുക്കും. എന്നാല്‍ ചുഴിഞ്ഞാലോചിച്ചാല്‍ നരേന്ദ്രമോദി എന്ന സ്വേഛാധിപതിയുടെ ഇംഗിതത്തിനൊത്ത് ചീട്ടെടുക്കുന്ന തത്തയായി സി.ബി.ഐ മാറിയിരിക്കുന്നു എന്ന് മനസിലാക്കാനാവും. എങ്ങനെ എന്നും എന്തുകൊണ്ടെന്നും വ്യക്തമാക്കാം.
അധികാരമോഹം ഇല്ലാത്ത ആളാണ് അദ്വാനി എന്നു പറയാനാവില്ല. പ്രധാനമന്ത്രിയാവാന്‍ രഥയാത്ര നടത്തിയ ആള്‍ അടല്‍ ബിഹാരി വാജ്‌പേയ് കാരണമായി ഉപപ്രധാനമന്ത്രിപഥത്താല്‍ തൃപ്തിപ്പെടേണ്ടിവന്നു. വാജ്‌പേയ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ ഒന്നാമനായ അദ്വാനിക്ക് പാര്‍ട്ടിക്കു ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവാകേണ്ടിവന്നു. 2014 ലെ പൊതു തെരഞ്ഞെടുപ്പിലാകട്ടെ നരേന്ദ്രമോദിയായി ഒന്നാമന്‍. അതുകൊണ്ടുതന്നെ കാബിനറ്റ് റാങ്കുള്ള മന്ത്രിപോലും ആകാതെ ഒതുങ്ങേണ്ടിവന്നു അദ്വാനിക്ക്. എങ്കിലും അദ്വാനി സമാശ്വസിച്ചത് അടുത്ത രാഷ്ട്രപതിയാകാം എന്ന പ്രത്യാശ കൊണ്ടായിരുന്നു.
അദ്വാനി രാഷ്ട്രപതിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ നരേന്ദ്രമോദിക്കാവില്ല. എല്‍.കെ അദ്വാനി രാഷ്ട്രപതിയായാല്‍ അദ്ദേഹം നരേന്ദ്രമോദിക്ക് 'നമോ' പറയുന്ന ആലങ്കാരിക രാഷ്ട്രപതിയായിരിക്കില്ല എന്ന ഭയം നരേന്ദ്രമോദിക്കുണ്ട്. പലതും ചോദ്യം ചെയ്യപ്പെടും.
പല ഇടപെടലുകളും ഉണ്ടാകും. ഇതുതന്നെ മുരളി മനോഹര്‍ ജോഷി എന്ന മുതിര്‍ന്ന നേതാവ് രാഷ്ട്രപതിയായാലും സംഭവിക്കും. ഡോ. മുരളി മനോഹര്‍ ജോഷി മോദിയോ അമിത്ഷായോ പറയുന്നതു കേള്‍ക്കുന്ന രാഷ്്രടപതി എന്നതിനേക്കാള്‍ എല്‍.കെ അദ്വാനി പറയുന്നതു കേള്‍ക്കുന്ന രാഷ്ട്രപതിയായിരിക്കാനാണ് സാധ്യത കൂടുതല്‍. ഇതൊക്കെ അറിയാവുന്ന സ്വേഛാധിപതിയായ രാഷ്ട്രീയക്കാരനാണ് നരേന്ദ്രമോദി. അതിനാല്‍ തന്നെ അയാള്‍ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഒന്നും തന്നേക്കാള്‍ പ്രധാനപ്പെട്ട അധികാരസ്ഥാനത്തേക്ക് കടന്നുവരാതിരിക്കാനുള്ള ജാഗ്രത കാണിക്കുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ അദ്വാനിയും ജോഷിയുമൊക്കെ പ്രതികളായി വരാവുന്ന ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനക്കേസ് നരേന്ദ്രമോദി സി.ബി.ഐയെ കൊണ്ട് പൊടിതട്ടിയെടുപ്പിച്ച് സുപ്രിംകോടതി വഴി പുന:സ്ഥാപിച്ചെടുത്തിരിക്കുന്നത്. ഇതിലപ്പുറം ബി.ജെ.പി ഭരിക്കുമ്പോള്‍ ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാക്കള്‍ പോലും വിചാരണ ചെയ്യപ്പെടുന്നു എന്ന നിഷ്പക്ഷമായ നീതിനിര്‍വഹണ ധര്‍മമൊന്നും ബാബരി ഗൂഢാലോചനക്കേസ് പുന:സ്ഥാപിച്ചതില്‍ ഇല്ല. നരേന്ദ്രമോദിയും അമിത്ഷായും ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന ഒരാള്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ''ജനങ്ങളുടെആവേശം നിയന്ത്രിക്കാനായില്ല എന്നതൊഴിച്ചാല്‍ മറ്റൊരു ഗൂഢാലോചനയും ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടു അദ്വാനിയോ ജോഷിയോ നടത്തി എന്നതിന് തെളിവില്ലെന്ന്'' പറഞ്ഞ് ഇപ്പോള്‍ പുന:സ്ഥാപിച്ചെടുത്ത ഗൂഢാലോചനാ കേസ് തള്ളപ്പെടും. തന്നെ ചിലപ്പോഴെങ്കിലും ചോദ്യം ചെയ്യാനിടയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ താക്കോല്‍ സ്ഥാനത്ത് എത്തിക്കാതിരിക്കുവാന്‍ നരേന്ദ്രമോദി ആസൂത്രിതമായി പുന:സ്ഥാപിച്ചെടുത്ത ഒരു കേസ് എന്നതിനപ്പുറം ബാബരി മസ്ജിദ് ഗൂഢാലോചനക്കേസ് പുന:സ്ഥാപിച്ചെടുക്കാന്‍ സി.ബി.ഐ നടത്തിയ നടപടികളില്‍ പ്രതീക്ഷാജനകമായൊന്നും ഇല്ലെന്നു ചുരുക്കം.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരല്ല, സാക്ഷാല്‍ ശ്രീരാമകൃഷ്ണനും ബാബര്‍ ചക്രവര്‍ത്തിയും തന്നെ വിണ്ണിലിറങ്ങി വന്നു ചര്‍ച്ച നടത്തിയാലും മോദിയോ കൂട്ടരോ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കവിഷയത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള ചെറുവിരലനക്കം പോലും നടത്താനും പോകുന്നില്ല. കാരണം ആവശ്യത്തിന് ഇറക്കിക്കളിക്കാവുന്ന വര്‍ഗീയവികാരത്തിന്റെ തുറുപ്പുചീട്ട് കളഞ്ഞുകുളിക്കാന്‍ അയോധ്യയിലൂടെ അധികാരത്തിലെത്തിയ ബി.ജെ.പിക്കും സംഘ്പരിവാരത്തിനും താല്‍പര്യമുണ്ടാവില്ല എന്നതു തന്നെ. ഇക്കാര്യം തിരിച്ചറിയാനുള്ള വിവേകം എത്രത്തോളം ജനതക്കു വര്‍ധിക്കുന്നുവോ അത്രത്തോളമായിരിക്കും ഇന്ത്യയില്‍ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഭാവി.
ചരിത്രപരമായ വസ്തുതകളുടെ പിന്‍ബലത്തോടെ അയോധ്യയില്‍ ഒരു രാമക്ഷേത്രം നിലനിന്നിരുന്നു എന്നോ അതു പൊളിച്ചുകളഞ്ഞാണ് ബാബരി മസ്ജിദ് പണിതതെന്നോ തെളിയിക്കുവാന്‍ ആര്‍ക്കും ആവില്ല. ഇപ്പോള്‍ വിവാദഭൂമിയായിരിക്കുന്ന അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ ഔധ് പ്രവിശ്യയില്‍ ജീവിച്ചിരുന്ന രാമഭക്തനായിരുന്നു ഭക്തമഹാകവി തുളസിദാസ്. അദ്ദേഹം എഴുതിയ രാമചരിതമാനസം എന്ന കൃതി കേരളീയര്‍ക്ക് എഴുത്തഛന്റെ അദ്ധ്യാത്മ രാമായണം പോലെ ഹിന്ദിഭാഷാ പ്രവിശ്യയിലുള്ളവര്‍ക്ക് മാനനീയമാണ്. തുളസീദാസിനേക്കാള്‍ വലിയ രാമഭക്തനാണ് എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും കല്യാണ്‍സിങും വിനയ് കത്യാറും പ്രവീണ്‍ തൊഗാഡിയയും സാധ്വി ഋതംബരയും പോലുള്ള സംഘ്പരിവാരനേതാക്കളെന്ന ്ഒരു ഹിന്ദുവും കരുതുവാനിടയില്ല.
1528 ലാണ് അയോധ്യയില്‍ മസ്ജിദ് സ്ഥാപിതമാകുന്നത്. 1574 ല്‍ ആണ് തുളസീദാസ് അദ്ദേഹത്തിന്റെ രാമകാവ്യം എഴുതുന്നത്. രാമജന്മഭൂമിയിലെ രാമക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കിയിട്ടാണ് അയോധ്യയില്‍ ബാബരി പള്ളി പണിയപ്പെട്ടിരുന്നതെങ്കില്‍ അതിവൈകാരികതയുള്ള രാമഭക്തനായ തുളസീദാസ് രാമക്ഷേത്രം തകര്‍ക്കപ്പെട്ടതിനെപ്പറ്റി രണ്ടുവരിയെങ്കിലും പ്രതിഷേധസൂചകമായി എഴുതുമായിരുന്നു. അങ്ങനെ സംഭവിച്ചിട്ടില്ല. ബാബരി പള്ളി സ്ഥാപിച്ചത് നിലനിന്നിരുന്ന രാമക്ഷേത്രം തകര്‍ത്തിട്ടല്ല എന്ന് മനസിലാക്കാന്‍ ഇതില്‍പരം തെളിവൊന്നും യഥാര്‍ഥ ഭക്തജനങ്ങള്‍ക്ക് ആവശ്യമില്ല. രാമഭക്തികൊണ്ടല്ല; അധികാരാസക്തി കൊണ്ടാണ് സംഘ്പരിവാരം രാമക്ഷേത്രം തകര്‍ത്തു പണിതുയര്‍ത്തിയ ബാബരി മസ്ജിദ് തകര്‍ത്താലേ ഹിന്ദുക്കള്‍ക്ക് അഭിമാനം സംരക്ഷിക്കാനാവൂ എന്നുപഞ്ഞു രംഗത്തുവന്നത്. ഇക്കാര്യത്തില്‍ തുളസീദാസെന്ന രാമഭക്തനായ കവിയെയാണ് നാം വിശ്വസിക്കേണ്ടത്. അധികാര ദുര്‍മോഹികളായ ആര്‍.എസ്.എസുകാരെയല്ല.
ചരിത്രപരമായ ഈ വിവേകമുണ്ടായാല്‍ ഹിന്ദുക്കള്‍ മറ്റൊരു കര്‍സേവ നടത്തി ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ചു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസ്സ് ലോകസമക്ഷം തെളിയിക്കുവാന്‍ തുനിഞ്ഞിറങ്ങും. അതാണ് യഥാര്‍ഥത്തില്‍ മാന്യമായി നടപ്പാക്കാവുന്ന പ്രശ്‌നപരിഹാരം. മുസ്‌ലിം സഹോദരങ്ങളുടെ സഹകരണത്തോടെ ഒരു രാമക്ഷേത്രം കൂടി അയോധ്യയില്‍ ഉണ്ടാകുന്നതും ശുഭോതര്‍ക്കമാവും. ഇതൊക്കെ സാധിക്കണമെങ്കില്‍ മതവികാരത്തേക്കാള്‍ ചരിത്രപരമായ വിവേകം ജനങ്ങള്‍ക്കും അവരെ നയിക്കുന്ന രാഷ്ട്രീയ-മതനേതൃത്വങ്ങള്‍ക്കും ഉണ്ടാകേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."