ത്രിപുരയില്‍ ബൂത്ത് പിടിച്ചെടുക്കലുണ്ടായെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചു
അഗര്‍ത്തല: ത്രിപുരയില്‍ ഈ മാസം 11ന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവത്തില്‍ ബൂത്ത് പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ ഉണ്ടായതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍.
ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ വ്യാപകമായ രീതിയില്‍ തെരഞ്ഞെടുപ്പ് അക്രമവും ബൂത്ത് പിടിക്കലും ഉള്‍പ്പെടെയുള്ളവ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്നുവെന്ന് സി.പി.എം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് വസ്തുത യാഥാര്‍ഥ്യമാണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ത്രിപുര വെസ്റ്റ് ജില്ലാ കലക്ടര്‍ പറഞ്ഞു. ക്രമക്കേട് നടന്ന സാഹചര്യത്തില്‍ 464 ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് ഇടതുപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ത്രിപുര വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. പോളിങ് സമയം റെക്കോര്‍ഡ് ചെയ്ത വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. മോഹന്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ ചെച്ചൂരിയ ബി.എസ് സ്‌കൂളിലെ പോളിങ് സ്റ്റേഷനില്‍ പൊളിങ് ഏജന്റ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി തനിക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് ചെയ്യിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേരീതിയില്‍ കമലാസാഗര്‍ നിയമസഭാ മണ്ഡലത്തിലെ ദേബിപൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലെ ബൂത്തിലും നടന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ചരിലാം നിയമസഭാ മണ്ഡലത്തിലെ ബ്രാജ്പൂര്‍ ഹൈസ്‌കൂളിലെ പോളിങ് സ്റ്റേഷനില്‍ മൂന്നുപേര്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."