അന്യായമായി 'ന്യായ് ' പദ്ധതിയുടെ ബോര്‍ഡുകള്‍: രാഹുല്‍ ഗാന്ധിക്ക് നോട്ടിസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും അമേത്തിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്ന 'ന്യായ് 'പദ്ധതിയുമായി ബന്ധപ്പെട്ട് അമേത്തിയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചുവെന്ന് കണ്ടെത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചത്. 24 മണിക്കൂറിനകം നോട്ടിസിന് മറുപടി നല്‍കണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു.
പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയോ സ്ഥലം ഉടമയുടേയോ അനുമതിയില്ലാതെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും ബോര്‍ഡ് പ്രിന്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചേര്‍ത്തിട്ടില്ലെന്നും കമ്മിഷന് നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. നോട്ടിസിന് രാഹുല്‍ നല്കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും കമ്മിഷന് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളടങ്ങിയ ബോര്‍ഡുകളില്‍ 'ന്യായ് പദ്ധതി ഉടന്‍ സംഭവിക്കും' എന്ന് പറയുന്നുണ്ട്.
രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനം.
ബി.ജെ.പിയുടെ അനീതി നിറഞ്ഞ ഭരണത്തില്‍ നിന്നുള്ള മോചനം കൂടിയാണ് നീതി എന്നര്‍ഥം വരുന്ന ന്യായ് പദ്ധതിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."