മോദിക്കു സമനില തെറ്റി: കോടിയേരി
കണ്ണൂര്‍: കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നു മനസിലാക്കിയ നരേന്ദ്ര മോദിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നു പച്ചക്കള്ളമാണു വിളിച്ചു പറഞ്ഞത്. കേരളത്തെ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്റേത്. ദൈവത്തിന്റെ പേരുപറഞ്ഞതില്‍ ഒരു കേസും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അക്രമം കാണിച്ചതിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ആര്.എസ്.എസ് കൂട്ടക്കൊല ചെയ്താലും കേസെടുക്കാത്തതുപോലെ കേരളത്തില്‍ നടക്കില്ല. അതു മനസിലാക്കിയതിനാലാണ് പച്ചക്കള്ളവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് രണ്ടു വോട്ട് അധികം കിട്ടുന്നതിന് ഇത്തരം കള്ളപ്രചാരവേല നടത്തുന്നതു പ്രധാനമന്ത്രിക്കു യോജിച്ചതല്ല. ഇത് ആര്.എസ്.എസുകാരന്റെ പ്രചാരവേലയായിട്ടാണു തോന്നുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് ലാവ്ലിന് കേസിന്റെ നിഴലിലാണെന്നും മറ്റു മന്ത്രിമാരും അഴിമതിക്കേസില്‍ പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞത് അദ്ദേഹത്തിനു സമനില തെറ്റിയതിനാലാണ്. ഒരു കേസില്‍ പോലും മുഖ്യമന്ത്രി പ്രതിസ്ഥാനത്തില്ല. കേന്ദ്ര സര്‍ക്കാര്‍ അഴിമതിയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ്. റാഫേല്‍ കുംഭകോണത്തില്‍ പ്രധാനമന്ത്രിയും പെട്ടിരിക്കുകയാണ്. മോദിയും അമിത്ഷായും കേരളത്തില്‍ എത്രതവണ പറന്നുവന്നിട്ടും കാര്യമില്ല. ബി.ജെ.പിയുടെ വോട്ട് ബി.ജെ.പിക്കു തന്നെ ചെയ്യിക്കാനാണു നേതാക്കള്‍ ശ്രമിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."