കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു; അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ആരോപണം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണം. പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുറയ്ക്കലാണ് ആരോപണവുമായി രംഗത്തിയത്.
ജൂണ്‍ 10 ന് ഡല്‍ഹിയില്‍ വെച്ചാണ് കണ്ണന്താനത്തിന്റെ അമ്മ മരിക്കുന്നത്. തുടര്‍ന്ന് അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് കോട്ടയം മണിമലയില്‍ പൊതുദര്‍ശനവും നടത്തിയാണ് സംസ്‌കരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കുന്നതിന് പകരം മരണകാരം മറച്ചുവെച്ചുകൊണ്് കണ്ണന്താനം അമ്മയുടെ മൃതദേഹം പൊതുദര്‍ശനം നടത്തി സംസ്‌കരിച്ചുവെന്നാണ് ജോമോന്‍ പറയുന്നത്.
താനും സംസ്‌കാരചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും ഈ സമയത്തെല്ലാം കണ്ണന്താനം അമ്മ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന കാര്യം മറച്ചുവെച്ചതായും ജോമോന്‍ ആരോപിക്കുന്നു. ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ജോമോന്‍ കണ്ണന്താനത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ കൊവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അൽഫോൻസ് കണ്ണന്താനം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കൊവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നു. 2020 ജൂൺ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിന്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയിൽ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്‌കാരം നടത്തിയത്. അന്ന് ഈ സംസ്‌കാര ചടങ്ങിൽ തിരുവനന്തപുരത്ത് നിന്ന് ഞാൻ മണിമലയിൽ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിന്റെ അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ച ഒരാളെ മൃതദേഹം എംബാം ചെയ്ത് വിമാന മാർഗം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിൽ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി എന്നോട് അവിടെവച്ച് അപ്പോൾ തന്നെ പറഞ്ഞിരുന്നു. ഡൽഹിയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചയൊരാളെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് സംസ്‌കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തിൽ ഒരു സംസ്‌കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. കണ്ണന്താനത്തിന്റെ അമ്മയുടെ ഓർമയിൽ ‘മദേർസ് മീൽ’ എന്ന ചാരിറ്റിയുടെ പേരിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേർക്ക് ഒരു വർഷത്തിനുള്ളിൽ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയിൽ കൂടിയാണ്, കണ്ണന്താനത്തിന്റെ അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അൽഫോൻസ് കണ്ണന്താനം തന്നെ വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."