ഇന്ന് കൊട്ടിക്കലാശം; നാളെ നിശബ്ദ പ്രചാരണം
കാസര്‍കോട്: കൊട്ടിക്കയറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനം. നാളെ നിശബ്ദ പ്രചാരണമാണ്. മൂന്ന് മുന്നണികളും കൊട്ടിക്കലാശം ശക്തിപ്രകടനത്തിനുള്ള വേദിയാക്കാനുള്ള ഒരുക്കങ്ങളിലാണ്. പൊലിസ് അനുവദിച്ചുനല്‍കിയ സ്ഥലങ്ങളിലായിരിക്കും മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. കാസര്‍കോട് നഗരത്തില്‍ യു.ഡി.എഫിന് പഴയ ബസ് സ്റ്റാന്‍ഡ് പരിസരവും എല്‍.ഡി.എഫിന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരവും എന്‍.ഡി.എയ്ക്ക് കറന്തക്കാട് ജങ്ഷനുമാണ് കൊട്ടിക്കലാശത്തിനായി അനുവദിച്ചിട്ടുള്ളത്.
യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറും കാസര്‍കോട് നഗരത്തിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ പയ്യന്നൂരിലാണ് പങ്കെടുക്കുക. പഞ്ചായത്ത്, നിയോജകമണ്ഡലം കേന്ദ്രങ്ങളിലും മൂന്നുമുന്നണികളും കൊട്ടിക്കലാശം നടത്തും.
ബാന്റുകളും റോഡ്‌ഷോകളുമായി ശ്ബദപ്രചാരണത്തിന്റെ സമാപനം കൊഴുപ്പിക്കാനാണ് മുന്നണികളുടെ തീരുമാനം.
യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കൊട്ടിക്കലാശ ദിവസത്തിലെ പര്യടനം രാവിലെ ഏഴിന് കുമ്പളയില്‍ നിന്ന് തുടങ്ങും. തുടര്‍ന്ന് 11.30 മുതല്‍ രണ്ടുവരെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പ്രചരണം നടത്തും. അതിനുശേഷം ചെറുവത്തൂരില്‍നിന്ന് തുറന്ന വാഹനത്തില്‍ നീലേശ്വരം, പള്ളിക്കര, ഉദുമ, ചട്ടഞ്ചാല്‍ വഴി കാസര്‍കോട്ട് നഗരത്തിലെത്തും. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് യു.ഡി.എഫ് പ്രചാരണം ആറുമണിയോടെ കലാശിക്കും.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശത്തിലേക്കുള്ള റോഡ്‌ഷോ മഞ്ചേശ്വരത്ത് നിന്നാരംഭിച്ച് ഹൈവേയിലൂടെ പയ്യന്നൂരില്‍ സമാപിക്കും. രാവിലെ 8.30ന് മഞ്ചേശ്വരം മണ്ഡലത്തിലെ ഹൊസങ്കടിയില്‍ മന്ത്രി ഇ. ചന്ദ്രശേഖരനും പി. കരുണാകരന്‍ എം.പിയും ചേര്‍ന്ന് സതീഷ് ചന്ദ്രന്റെ റോഡ്‌ഷോ ഫഌഗ്ഓഫ് ചെയ്യും. പത്തിന് റോഡ്‌ഷോ കാസര്‍കോട് നഗരത്തിലെത്തും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പിലാത്തറയിലെത്തുന്ന റോഡ് ഷോ നാലരയോടെ തിരിച്ച് പയ്യന്നൂരിലെത്തും. പയ്യന്നൂരിലെ കൊട്ടിക്കലാശത്തോടെ എല്‍.ഡി.എഫിന്റെ ശബ്ദപ്രചാരണത്തിന് സമാപനമാവും. തൃക്കരിപ്പൂരില്‍ നിന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശ ദിവസത്തെ പര്യടനം ആരംഭിക്കുന്നത്. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ പര്യടനം കഴിഞ്ഞ് രണ്ടോടെ സ്ഥാനാര്‍ഥി കാസര്‍കോട്ടെത്തും. കാസര്‍കോട് കസബ കടപ്പുറത്ത് പൊതുയോഗം കേന്ദ്രമന്ത്രി നിമ്മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് സ്ഥാനാര്‍ഥിയും മന്ത്രിയും റോഡ്‌ഷോയായി നഗരത്തിലൂടെ കറന്തക്കാട് ജങ്ഷനിലെത്തും. അവിടുത്തെ കൊട്ടിക്കലാശത്തോടെ എന്‍.ഡി.എയുടെ ശബ്ദപ്രചാരണത്തിനു തിരശ്ശീല വീഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."