കണ്ടയ്‌നര്‍ പാര്‍ക്കിങ്: ട്രെയിലര്‍ ഉടമകള്‍ സര്‍വീസ് നിര്‍ത്തി
മട്ടാഞ്ചേരി: കണ്ടെയ്‌നര്‍ ലോറികള്‍ക്ക് വല്ലാര്‍പാടത്ത് പാര്‍ക്കിങിനുള്ള സൗകര്യവും ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യവും ഉറപ്പാക്കുന്നത് വരെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ വാഹന ഉടമകളുടെ തീരുമാനം. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെ കണ്ടയ്‌നര്‍ റോഡില്‍ ലോറികളും ട്രെയിലറുകളും പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ച സാഹചര്യത്തിലാണ് ഉടമകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്.
കണ്ടയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാന ഘടകം ലോറികളും ട്രെയിലറുകളുമാണെന്നിരിക്കേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ കണ്‍വന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനാണ് പോര്‍ട്ട് അധികൃതര്‍ മുന്‍ഗണന നല്‍കുന്നതെന്ന് കൊച്ചിന്‍ കണ്ടയ്‌നര്‍ കാരിയര്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
വല്ലാര്‍പാടം ടെര്‍മിനല്‍ നിലവില്‍ വന്ന് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പാര്‍ക്കിങ് സൗകര്യം ഒരുക്കുവാന്‍ പോര്‍ട്ട് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കണ്ടയ്‌നര്‍ റോഡില്‍ പാര്‍ക്കിങ് മൂലം അപകടങ്ങള്‍ പതിവായ സാഹചര്യത്തിലാണ് കോടതി ഇടപെട്ടാണ് പാര്‍ക്കിങ് നിരോധിച്ചത്. ഇക്കാര്യത്തില്‍ വസ്തുതക്ക് വിരുദ്ധമായ കാര്യങ്ങളാണ് പോര്‍ട്ട് ട്രസ്റ്റ് കോടതിയില്‍ നല്‍കിയതെന്നും ഭാരവാഹികള്‍ പറയുന്നു.
കണ്ടയ്‌നര്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പൊലിസ് പിടിച്ചെടുത്ത് കോടതിയില്‍ നല്‍കുന്നത് മൂലം കടുത്ത പ്രതിസന്ധിയാണ് ഉടമകള്‍ അനുഭവിക്കുന്നത്.
കോടതിയില്‍ നിന്ന് വാഹനങ്ങള്‍ വിട്ട് കിട്ടണമെങ്കില്‍ പത്ത് ലക്ഷം രൂപയുടെ മൂല്യമുള്ള ഭൂമിക്കരവും രണ്ടാള്‍ ജാമ്യവും നല്‍കണമെന്നും ഇതിന് പുറമേ വാഹനങ്ങള്‍ വിട്ട് കിട്ടുന്നത് വരെ യാര്‍ഡുകളില്‍ സൂക്ഷിക്കുന്നതിനുള്ള ഫീസും ഉടമ നല്‍കേണ്ട സാഹചര്യമാണെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.
പാര്‍ക്കിങിനായി പോര്‍ട്ട് ട്രസ്റ്റ് കാണിച്ച സ്ഥലങ്ങളില്‍ ഐലന്റ് പ്രായോഗികമല്ല. വല്ലാര്‍പാടത്ത് നിന്ന് ഐലന്റിലേക്ക് എത്തണമെങ്കില്‍ ഒത്തിരി ദൂരം സഞ്ചരിക്കണം. കാളമുക്കില്‍ പാര്‍ക്കിങ് ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യരവും ഒരുക്കണം. ഇതിന് പുറമേ നൂറ് കണക്കിന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പ്രദേശത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നാട്ടുകാരെ ബോദ്ധ്യപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ പറയുന്നു. ഏകദേശം രണ്ടായിരം കണ്ടെയ്‌നറുകളാണ് വല്ലാര്‍പാടത്തുള്ളത്.
ഇതില്‍ ആയിരം ലോറികള്‍ എപ്പോഴും വല്ലാര്‍പാടത്തുണ്ടാകും. ഐലന്റിലേക്ക് റോ റോ വഴി എത്തിക്കണമെങ്കില്‍ ഒരു ഭാഗത്തേക്ക് 1250 രൂപ നല്‍കണം. ഇത് ഉടമകള്‍ക്ക് ഭാരിച്ച ചിലവ് വരുത്തുമെന്നും ഉടമകള്‍ പറയുന്നു. പൊലിസ് നടപടി മൂലം ഇപ്പോള്‍ മുപ്പതോളം വണ്ടികളാണ് കോടതിയില്‍ കിടക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ഇന്ന് പുലര്‍ച്ച മുതല്‍ കണ്ടെയ്‌നര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണെന്നും സെക്രട്ടറി ടോമി തോമസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."