ഏനാമാക്കലില്‍ വളയം കെട്ടിനു പകരം സ്ഥിരം ബണ്ട് വേണമെന്ന ആവശ്യം ശക്തമാകുന്നു
അന്തിക്കാട്: ലക്ഷങ്ങള്‍ ചെലവഴിച്ച് ഓരോ വര്‍ഷവും നിര്‍മിക്കുന്ന ഏനാമാക്കല്‍ വളയം കെട്ടിനു പകരം സ്ഥിരം ബണ്ട് വേണമെന്ന ആവശ്യം ശക്തമാകുന്നു. കൃഷി നടക്കുന്ന സമയത്ത് കനോലി പുഴയില്‍നിന്ന് കോള്‍ പടവുകളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനായി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് എല്ലാം വര്‍ഷവും ഇറിഗേഷന്‍ വകുപ്പും കൃഷി വകുപ്പും സംയുക്തമായി വളയം കെട്ട് നിര്‍മിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞാല്‍ പിന്നീട് വളയം കെട്ട് പൊളിച്ചുനീക്കുകയാണ് പതിവ്. കെട്ടിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ ചെമ്മണ്ണും മറ്റും പുഴയിലേക്ക് ഒലിച്ചുപോകുന്നത് സ്ഥിരം കാഴ്ചയാണ്. ഈ വര്‍ഷം നിര്‍മിച്ച വളയം കെട്ട് മൂന്നു പ്രാവശ്യമാണ് പൊട്ടിയത്. കോള്‍ പടവിലെ പ്രധാന ചാലിനു കുറുകെയാണ് കെട്ട് നിര്‍മിക്കുന്നത്. ചിമ്മിനി ഡാമില്‍നിന്ന് കൃഷിക്കായി തുറന്നു വിട്ട വെള്ളം ശക്തിയായി ഒഴുകിയെത്തിയതോടെയാണ് കെട്ട് മൂന്നു തവണ തകര്‍ന്നത്.
എല്ലാ വര്‍ഷവും വളയം കെട്ട് നിര്‍മിക്കാന്‍ വൈകുന്നതുമൂലം കോള്‍ പടവുകളിലേക്ക് ഉപ്പുവെള്ളം കയറുന്നതിനെ ചൊല്ലി കര്‍ഷകരും ഇറിഗേഷന്‍ വകുപ്പും കൃഷി വകുപ്പും കരാറുകാരനും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും പതിവാണ്. ഇതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നിരവധി സമരങ്ങളാണ് കര്‍ഷകര്‍ ഏനാമാക്കലില്‍ നടത്തിയത്. ഡാമില്‍നിന്ന് വെള്ളം തുറന്നു വിടാന്‍ വൈകുന്നതുമായി ബന്ധപ്പെട്ടും ഇക്കുറി സമരങ്ങള്‍ ഉണ്ടായി. ഇതിനെല്ലാം പരിഹാരം കാണാന്‍ ശാസ്ത്രീയമായ രീതിയില്‍ ഏനാമാക്കലില്‍ താല്‍ക്കാലികമായി നിര്‍മിക്കുന്ന വളയം കെട്ടിനു പകരം സ്ഥിരം ബണ്ട് വേണമെന്നാണ് കര്‍ഷകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."