കേരളത്തില്‍ നിന്ന് പുറത്തുപോയവര്‍ക്ക് കൊവിഡ്; 95 % പേര്‍ക്കും രോഗം ബാധിച്ചത് കേരളത്തില്‍ നിന്നല്ലെന്ന് ആരോഗ്യവകുപ്പ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ 95 ശതമാനം പേര്‍ക്കും രോഗബാധയുണ്ടായത് കേരളത്തില്‍ നിന്നല്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഐ.സി.എം.ആറിന്റെ ജൂലൈ 31 വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തില്‍ നിന്ന് മറ്റിടങ്ങളിലേക്കുപോയ 227 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ എട്ടുപേര്‍ക്ക് മാത്രമാണ് കേരളത്തില്‍ നിന്ന് രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. 227ല്‍ 186 പേരുടെ വിവരങ്ങളാണ് അന്വേഷണത്തില്‍ ലഭിച്ചത്. ഫോണ്‍ നമ്പറും അഡ്രസും ലഭിക്കാതിരുന്നതിനാല്‍ 32 പേരുടെ വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ല. എറണാകുളം ജില്ലയിലെ ഒന്‍പത് പേരെ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കാനിരിക്കുന്നതേയുള്ളൂ.
കേരളത്തില്‍ നിന്ന് പുറത്ത് പോയവരില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് കോട്ടയം ജില്ലയില്‍ നിന്നുള്ളവര്‍ക്കാണ്. 37 പേര്‍. കാസര്‍കോട് നിന്നുള്ള 29 പേര്‍ക്കും ആലപ്പുഴയില്‍ നിന്നുള്ള 23 പേര്‍ക്കും കണ്ണൂരില്‍ നിന്നുള്ള 22 പേര്‍ക്കും കേരളത്തിന് പുറത്ത് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 14, കൊല്ലം, എറണാകുളം 18 വീതം, ഇടുക്കി 10, എറണാകുളം, പാലക്കാട് ഒന്‍പത് വീതം, തൃശൂര്‍ 16, മലപ്പുറം ഏഴ്, കോഴിക്കോട് എട്ട്, വയനാട് ആറ് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍. ഇതില്‍ തിരുവനന്തപുരം, വയനാട് ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്കും കോട്ടയം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും മാത്രമാണ് കേരളത്തില്‍ നിന്ന് രോഗബാധയുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്.
നേരത്തേ കേരളത്തില്‍ നിന്ന് പുറത്ത് പോയവരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് പരിശോധനകളൊന്നും നടത്തുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഐ.സി.എം.ആറില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് 186 പേരുടെ വിവരങ്ങള്‍ വകുപ്പ് ശേഖരിച്ചത്. ഓരോരുത്തരുടെയും മേല്‍വിലാസം തേടിപ്പിടിച്ച് സമ്പര്‍ക്കപ്പട്ടിക തയാറാക്കി സംശയം തോന്നിയവരില്‍ പരിശോധനയും നടത്തിയാണ് രോഗത്തിന്റെ ഉറവിടം സംബന്ധിച്ച വ്യക്തത വരുത്തിയത്. ഏകദേശം ആയിരത്തോളം പേരുള്‍പ്പെടുന്ന സമ്പര്‍ക്കപ്പട്ടികയാണ് ഇതിനായി മാത്രം തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."