കരിമ്പുഴയില്‍ ചരമവാര്‍ഷികത്തിന് ഇന്ന് തുടക്കമാകും
ശ്രീകൃഷ്ണപുരം: വള്ളുവനാടന്‍ മേഖലയില്‍ കമ്മ്യൂണിസ്റ്റ് വളര്‍ച്ചക്കൊപ്പം തന്റെ പേര് കൂടി തുന്നിച്ചേര്‍ത്ത സി.പിഐ നേതാവായിരുന്ന യു മാധവന്റെ ആറാം ചരമ വാര്‍ഷികത്തിന് ഇന്ന് കരിമ്പുഴയില്‍ തുടക്കമാവും. വള്ളുവനാടന്‍ മേഖലകളായ ശ്രീകൃഷ്ണപുരം, കരിമ്പുഴ, വെള്ളിനേഴി, ചെര്‍പ്പുളശ്ശേരി, പൂക്കോട്ട്കാവ് എന്നിവിടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വേണ്ടി അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു. സി.പി.ഐ നേതാക്കളിലൊരാളായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്‍, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ചെയര്‍മാനായിരുന്ന പി.ടി ഭാസ്‌ക്കരപ്പണിക്കര്‍ എന്നിവരുമായുള്ള അടുപ്പമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം. കക്ഷി രാഷ്ട്രീയ ഭേദമന്യെ അദ്ദേഹം സര്‍വ്വ സ്വീകാര്യനുമായിരുന്നു. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന പ്രസംഗ ശൈലിക്ക് ഉടമയായിരുന്നു അദ്ദേഹം.
മിച്ചഭൂമി സമരം, ക്ഷേത്ര പ്രവേശനത്തിനായുള്ള സമരം, കൊയ്ത്ത് സമരം, പൊമ്പ്ര കര്‍ഷകതൊഴിലാളി സമരം, ചുള്ളിയോട് സമരം, എസ്‌റ്റേറ്റ് തൊഴിലാളി സമരം തുടങ്ങിയവയെല്ലാം യു. മാധവന്‍ മുന്നില്‍നിന്ന് നയിച്ച സമരങ്ങളാണ്. ശ്രീകൃഷ്ണപുരത്ത് പൊലിസ് സ്റ്റേഷന്‍ അനുവദിക്കുന്നതിന് വേണ്ടി മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചതും മാധവന്‍ തന്നെ. വള്ളുവനാടന്‍ ഗ്രാമാന്തരങ്ങളിലെല്ലാം ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി അദ്ദേഹം സഞ്ചരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ബ്രാഞ്ച് മുതല്‍ സംസ്ഥാന കൗണ്‍സില്‍ വരെ വിവിധ ഘടകങ്ങളിലും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും പ്രാഥമിക സഹകരണസംഘത്തിലും ജില്ലാ സഹകരണബാങ്കിലും ജനപ്രതിനിധിയായും കര്‍ഷകപ്രസ്ഥാനത്തിന്റെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലക്കാട് സി.പി ഐ ജില്ലാ സെക്രട്ടറിയായ കെ.പി സുരേഷ് രാജ് അദ്ദേഹത്തിന്റെ പുത്രനാണ്. ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഒന്‍പത് മണിക്ക് സുഹൃദ് സമ്മേളനം സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും. വി ചാമുണ്ണി അധ്യക്ഷനാവും. വൈകിട്ട് അഞ്ചിന് കരിമ്പുഴ യു മാധവന്‍ സ്മാരക മന്ദിരത്തിന് സമീപം നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. കെ.പി സുരേഷ് രാജ് അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."