പുഷ്അപ്പില്‍ റെക്കോര്‍ഡുമായി പൂക്കോട്ടുംപാടം സ്വദേശി
പൂക്കോട്ടുംപാടം: നക്കിള്‍ പുഷ്അപ്പില്‍ റെക്കോര്‍ഡ് തകര്‍ത്ത് മലയാളി. നിലവില്‍ അമേരിക്കയുടെ റോണ്‍ കൂപ്പറുടെ പേരിലുള്ള റെക്കോര്‍ഡാണ് അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം സ്വദേശി ചക്കാനാത്ത്പ്രദീപ് തിരുത്തിയത്. റോണ്‍ കൂപ്പറുടെ മിനിറ്റില്‍ 91 പുഷ് അപ്പ് എന്ന് റെക്കോര്‍ഡാണ് പ്രദീപിന്റെ 99 പുഷപ്പില്‍ തകര്‍ന്നത്.
പെയ്ന്റിങ്ങ് തൊഴിലാളിയായ പ്രദീപിന്റെ വളരെ കാലത്തെ ആഗ്രഹമായിരുന്നു പുഷ് അപ്പിലെ റേക്കോര്‍ഡ് തകര്‍ക്കുകയെന്നത്. അമരമ്പലം പഞ്ചായത്ത് പെയ്‌ന്റേഴ്‌സ് അസോസിയേഷന്റെ 10ാം വാര്‍ഷികചടങ്ങിലാണ് റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടത്. പി.വി അന്‍വര്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് സി. സുജാത തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ശ്രമം.
രണ്ട് വര്‍ഷമായി തന്റെ ജോലി കഴിഞ്ഞുള്ള സമയമാണ് പ്രദീപ് പരിശീലനത്തിന് തെരഞ്ഞെടുത്തത്. പരിശീലകനൊന്നുമില്ലാതെ തന്നെ റെക്കോര്‍ഡ് തകര്‍ക്കാനായതിന്റെ സന്തോഷത്തിലാണ് പ്രദീപ്.
കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയിട്ടുള്ള പ്രദീപ് പഴയകാല ഫുട്‌ബോള്‍ താരവും കൂടിയാണ്. പരേതനായ ബാലകൃഷ്ണന്‍ നായര്‍, പുഷ്പവല്ലിയമ്മ എന്നിവരാണ് മാതാപിതാക്കള്‍. കോടതി ജീവനക്കാരിയായ ബിന്ദുവാണ് ഭാര്യ. പഞ്ചമി, ഐശ്വര്യ, സന്ദീപ് എന്നിവര്‍ മക്കളാണ്. ലിംകാ ബുക്ക് ഓഫ് റേക്കോര്‍ഡ്‌സ്, ഗിന്നസ് റെക്കോര്‍ഡ്‌സ് എന്നിവര്‍ക്ക് വീഡിയോ ഉള്‍പ്പടെ അയച്ച് കൊടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."