വേനല്‍ മഴയില്‍ വ്യാപക നാശനഷ്ടം
വെട്ടത്തൂര്‍: വേനല്‍ മഴയില്‍ വെട്ടത്തൂര്‍ മേഖലയില്‍ കനത്ത നാശനഷ്ടം. വെട്ടത്തൂരില്‍ തേലക്കാട് പോസ്സ് ഓഫിസിനു സമീപം താമസിക്കുന്ന വളുവത്തൊടി മായ, സമീപത്തെ പരേതനായ കുന്നത്ത് ചാത്തന്‍ എന്നിവരുടെ ഉടസ്ഥതയിലുള്ള വീടിനു മുകളിലേക്ക് വീടിനരികില്‍ സ്ഥിതി ചെയ്തിരുന്ന മരങ്ങള്‍ പൊട്ടിവീണു.
ഓട് മേഞ്ഞ വീടായതിനാല്‍ മേല്‍ക്കൂരയും തകര്‍ന്നു. കൂടാതെ കാര്‍ഷിക വിളകളും സമീപത്തെ തന്നെ മറ്റു രണ്ടുവീടുകളുടെ മേല്‍ക്കൂരയിലെ ഓടുകളും ഇളകി താഴെ വീണു. അരക്കുപറമ്പന്‍ അബു, വളവള്ളി മുഹമ്മദ് എന്നിവരുടെ വയലിലെ വാഴ, മരച്ചീനി എന്നിവയാണ് നശിച്ചത്.
കൊണ്ടോട്ടി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ കുറുപ്പത്ത് കോയങ്ങാടി മേലേക്കാട്ട് മുസ്തഫയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് തകര്‍ന്നു. വീട്ടിലെ കുടുംബാംഗങ്ങള്‍ക്ക് നിസാര പരുക്കേറ്റു.
കിഴിശ്ശേരി: വേനല്‍ മഴയോടൊപ്പം തിങ്കളാഴ്ച വൈകിട്ടുണ്ടായ കാറ്റിലും കുഴിമണ്ണ പ്രദേശത്ത് വ്യാപക കൃഷിനാശം. പതിനായിരത്തോളം വാഴകളും കപ്പയും കവുങ്ങുകളും നശിച്ചു. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് കൂടുതലും നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായത്. കൃഷിനാശം സംഭവിച്ച സ്ഥലങ്ങള്‍ കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാലത്തില്‍ ബാപ്പു, പഞ്ചായത്തംഗങ്ങളായ സി.എം മുസ്തഫ, പുളിക്കല്‍ മുഹമ്മദ്, പി.കെ റുഖിയ, ജനപ്രതിനിധികള്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."