കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി
പാലക്കാട്: മാങ്കാവില്‍ വീട് പൊളിച്ചിറങ്ങി സ്വര്‍ണാഭരണങ്ങളും 14000 രൂപയും മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. ഇക്കഴിഞ്ഞ ഏപ്രില്‍ 15ന് മാങ്കാവിലെ ഉണ്ണിയുടെ വീട്ടിലാണ് മോഷണം നടത്തിയത്.
വടക്കഞ്ചേരി മംഗലംഡാം മാടവന വീട്ടില്‍ രാജന്റെ മകന്‍ വിശ്വനാഥന്‍(44)ആണ് പിടിയിലായത്. പിടിയിലായ പ്രതി അഞ്ചു വര്‍ഷത്തോളം കളവ് കേസില്‍ ശിക്ഷിക്കപ്പെട്ട് മാര്‍ച്ച് 20 നാണ് ശിക്ഷ കഴിഞ്ഞിറങ്ങിയത്.
ജയിലിറങ്ങിയ പ്രതി മണ്ണാര്‍ക്കാട് ഒരു ലോഡ്ജില്‍ താമസിച്ചിരുന്നു. പ്രതിയുടെ ഭാര്യ മണ്ണാര്‍ക്കാടാണ് താമസിച്ചുവന്നിരുന്നത്. രാത്രി സമയങ്ങളില്‍ കണ്ടുവച്ച സ്ഥലങ്ങളില്‍ എത്തി കളവ് നടത്തിയ ശേഷം പുലര്‍ച്ചയോടെ താമസ സ്ഥലത്തു തിരിച്ചെത്തുകയാണ് പതിവ്. മണ്ണാര്‍ക്കാട് ടൗണിലെ നീതി സ്‌റ്റോറില്‍ രാത്രി നടത്തിയ കളവ് ഇയാള്‍ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവ ദിവസം സ്ഥലത്തു വച്ചു സ്ത്രീകളുടെ മാക്‌സി ധരിച്ചു വീട്ടില്‍ കയറാന്‍ ശ്രമിക്കവെ ആളുകളുടെ ശ്രദ്ധയില്‍ പെട്ടു ഓടി രക്ഷപ്പെട്ടിരുന്നു. ശേഷമാണ് നീതി സ്റ്റോറില്‍ കളവ് നടത്തുന്നത്. മണ്ണാര്‍ക്കാട് ടൗണില്‍ പ്രതിഭാ തിയേറ്ററിനടുത്തുള്ള അമ്പലത്തിലെ ഭണ്ഡാരം പൂട്ട് പൊട്ടിച്ച് കവര്‍ച്ച നടത്തിയിരുന്നു.
പാലക്കാട് കൊപ്പം ഭാഗത്ത് രാത്രി മുന്‍വാതില്‍ പൊളിച്ച് വീട്ടിനകത്ത് ഉറങ്ങികിടന്ന വീട്ടുകാരുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നതും ഇയാളാണ്.
ജയിലിറങ്ങി കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി തവണ മോഷണത്തിനുവേണ്ടി രാത്രി സമയങ്ങളില്‍ സാഹചര്യം തേടി നടന്നിട്ടുണ്ട്.
ഇന്നലെ രാത്രി നൈറ്റ് പെട്രോളിങ്ങിനിടെ എസ്.പി ഓഫിസിനടുത്തുള്ള മൈത്രി നഗറില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.
ടൗണ്‍ സൗത്ത് സി.ഐ ആര്‍ മനോജ്കുമാര്‍, എസ്.ഐ സുജിത്കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജലീല്‍, സാജിദ് സി.എസ് രജീത്, ടൗണ്‍ സൗത്ത് സ്‌റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ വിജയകുമാര്‍, സി.പി.ഒ സതീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതിയെ ജെ.എഫ്.സി.എം മൂന്ന് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ പാലക്കാട് സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."