തെരഞ്ഞെടുപ്പ്: സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പ്രശ്‌നസാധ്യതയുള്ള ബൂത്തുകളില്‍ അധിക സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം പൊലിസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് സെല്ലിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായുള്ള പൊലിസ് വിന്യാസം പൂര്‍ത്തിയാക്കിയതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി കേരള പൊലിസില്‍ നിന്നു മാത്രം 58,138 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 3,500 പേര്‍ വനിതാ പൊലിസുകാരാണ്. 240 ഡിവൈ.എസ്.പിമാര്‍, 677 ഇന്‍സ്‌പെക്ടര്‍മാര്‍, 3,273 എസ്.ഐ, എ.എസ്.ഐ എന്നിവരടങ്ങിയതാണു കേരള പൊലിസ് സംഘം.
സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നിവയില്‍ നിന്നും 55 കമ്പനി ജവാന്മാര്‍, തമിഴ്‌നാട്ടില്‍ നിന്നും 2,000, കര്‍ണാടകയില്‍ നിന്നും 1,000 പൊലിസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് സുരക്ഷക്കായി കേരളത്തില്‍ എത്തിയിട്ടുണ്ട്. പൊലിസുകാരെ സഹായിക്കാനായി 11, 781 പേരെ സ്‌പെഷല്‍ പൊലിസ് ഓഫിസര്‍മാരായും നിയോഗിച്ചിട്ടുണ്ട്. വിമുക്ത ഭടന്മാര്‍, വിരമിച്ച പൊലിസ് ഉദ്യോഗസ്ഥര്‍, എന്‍.സി.സി, നാഷനല്‍ സര്‍വീസ് സ്‌കീം, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് എന്നിവയില്‍ നിന്നുള്ളവരാണ് ഈ വിഭാഗത്തിലുള്ളത്.
അനിഷ്ട സംഭവങ്ങള്‍ നേരിടുന്നതിനു സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളെയും നിയോഗിച്ചു. ഒരു പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു വീതം 957 പട്രോളിങ് സംഘങ്ങള്‍ വേറെയും ഉണ്ടാകും. ഈ സംഘങ്ങള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊലിസ് സ്റ്റേഷന്‍, തെരഞ്ഞെടുപ്പ് സബ് ഡിവിഷന്‍, ജില്ലാ തലങ്ങളില്‍ സ്‌ട്രൈക്കിങ് സംഘങ്ങളെയും നിയോഗിച്ചു. റേഞ്ച് ഐ.ജിമാര്‍, സോണല്‍ എ.ഡി.ജി.പിമാര്‍, സംസ്ഥാന പൊലിസ് മേധാവി എന്നിവരുടെ നിയന്ത്രണത്തില്‍ എട്ടു കമ്പനി, നാലു കമ്പനി, 13 കമ്പനി സ്‌ട്രൈക്കിങ് സംഘങ്ങളെ വീതം തയാറാക്കിയിട്ടുണ്ട്. അനധികൃത പണം കൊണ്ടു പോകുന്നതും വിതരണം ചെയ്യുന്നതും തടയാന്‍ 402 ഫ്‌ളയിങ് സ്‌ക്വാഡുകള്‍, 412 സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളും രംഗത്തുണ്ട്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരുടെ സഹായത്തോടെ കണ്ടെത്തിയ പ്രശ്‌നസാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പൊലിസ് സംഘത്തെ വിന്യസിച്ചു. പട്ടികവര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അവര്‍ക്ക് തടസമില്ലാതെ ബൂത്തുകളില്‍ എത്താനും വോട്ട് ചെയ്യാനും ആവശ്യമായ സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തി.
പ്രശ്‌നസാധ്യതയുള്ള 3,567 ബൂത്തുകളിലും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള 68 ബൂത്തുകളിലും തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി അധിക സുരക്ഷ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."