കൊല്ലത്ത് ബി.ജെ.പി കല്ലേറില്‍ എ.സി.പിക്കും രണ്ടു പൊലിസുകാര്‍ക്കും പരുക്ക്
കൊല്ലം: കൊട്ടിക്കലാശത്തിനിടെ ജില്ലയില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷവും കല്ലേറും. കരുനാഗപ്പള്ളിയില്‍ നടന്ന സംഘര്‍ഷത്തില്‍ എ.സി.പിക്കും പൊലിസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. തേവലക്കരയില്‍ ബസിനു നേരെ കല്ലേറുണ്ടായി. കൊട്ടാരക്കര തലച്ചിറയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് പ്രകടനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ആയിരത്തിലധികം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തിനു നേരെ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കല്ലെറിയുകയും കൊടിക്കമ്പുകള്‍ വലിച്ചെറിയുകയുമായിരുന്നു. പൊലിസ് എത്തിയതോടെ അക്രമികള്‍ കരുനാഗപ്പള്ളി പടനായര്‍കുളങ്ങര ക്ഷേത്രവളപ്പിനുള്ളിലേക്ക് കയറി. ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ നിന്നും കല്ലേറ് തുടര്‍ന്നതോടെ കരുനാഗപ്പള്ളി എ.സി.പി അരുണ്‍ രാജിനും രണ്ട് പൊലിസുകാര്‍ക്കും കല്ലേറില്‍ പരുക്കേറ്റു. നിരവധി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കല്ലേലിഭാഗം ശാന്താലയത്തില്‍ ചന്തുവിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആര്‍ വസന്തനും പരുക്കേറ്റു. മാധ്യമപ്രവര്‍ത്തകരായ ന്യൂസ് 18 ക്യാമറാമാന്‍ ഗോപു നീണ്ടകര, മിഡില്‍ ഈസ്റ്റ് ക്യാമറാമന്‍ ബിജു എന്നിവര്‍ക്കും കല്ലേറില്‍ പരുക്കേറ്റു. എല്‍.ഡി.എഫിന്റെ നിരവധി പ്രചാരണ വാഹനങ്ങളും എറിഞ്ഞുതകര്‍ത്തു. കൊട്ടിക്കലാശം കഴിഞ്ഞു പോയ ബാലസംഘം പ്രവര്‍ത്തകന്‍ അനന്തു എന്ന 11കാരനെയും പിന്തുടര്‍ന്ന് ആക്രമിച്ചു.
തേവലക്കര ചേനങ്കര ജങ്ഷനില്‍ കൊട്ടിക്കലാശത്തിനിടെ കല്ലേറില്‍ സ്വകാര്യബസിന്റെ മുന്‍വശത്തെ ചില്ലു തകര്‍ന്നു. കൊട്ടിക്കലാശം നിയന്ത്രിക്കാനായി കൊല്ലത്തു നിന്നു പൊലിസുമായെത്തിയ ബസിന്റെ ചില്ലുകളാണ് തകര്‍ത്തത്. ഡ്രൈവറെ അസഭ്യം പറഞ്ഞ് അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."