ജില്ലയില്‍ ആരോഗ്യവകുപ്പില്‍ തൊട്ടുകൂടായ്മ
മലപ്പുറം: ജാതി വ്യവസ്ഥയുടെ പേരിലുണ്ടായിരുന്ന തൊട്ടുകൂടായ്മ നാടുനീങ്ങിയെങ്കിലും ജില്ലയില്‍ ആരോഗ്യവകുപ്പില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു. ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ബിരുദമുള്ളവരും മെഡിക്കല്‍ ബിരുദമില്ലാത്തവരും തമ്മിലാണു തീണ്ടാപാടകലെ നിന്നു പൊതു ജനസേവനം നടത്തുന്നത്.
ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി ഇരുവിഭാഗവും ഒരുമിച്ചു നടത്തേണ്ട അവലോകന യോഗങ്ങള്‍ പോലും സര്‍ക്കാര്‍ തീരുമാനം മറികടന്നു ജില്ലയില്‍ രണ്ടു ദിവസങ്ങളിലായാണു നടക്കുന്നത്. അഞ്ചു വര്‍ഷമായി ഇതേ സ്ഥിതി തുടരുന്ന ജില്ലയില്‍ മെഡിക്കല്‍ ബിരുദമില്ലാത്ത ജില്ലാതല മെഡിക്കല്‍ ഓഫിസര്‍മാരെ ജില്ലാ തല യോഗങ്ങളില്‍ സ്‌റ്റേജിലിരിക്കുന്നതിനും കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഡിഫ്തീരിയ, കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും ഈഗോയുടെ പേരിലാണു ഡോക്ടര്‍മാരും അല്ലാത്തവരുമായ ആരോഗ്യ പ്രവര്‍ത്തകര്‍ പരസ്പരം മത്സരിക്കുന്നത്. ഓരോ മാസവും ഒന്നാം പ്രവൃത്തി ദിവസം തന്നെ പി.എച്ച്.സി തലങ്ങളില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഫാര്‍മസിസ്റ്റ് എന്നിവര്‍ സംയുക്തമായി യോഗം ചേരണം. എന്നാല്‍ ജില്ലയിലെ മിക്ക പി.എച്ച്.സികളിലും കാലങ്ങളായി ഇതു നടക്കാറില്ല. രണ്ട്, മൂന്നു പ്രവര്‍ത്തിദിവസങ്ങളിലാണ് ആരോഗ്യ ബ്ലോക്ക് തല അവലോകന യോഗങ്ങള്‍ നടക്കുന്നത്.
ഇതിനു ശേഷം ഒരോ മാസത്തെയും അഞ്ചാം പ്രവൃത്തിദിവസം മുഴുവന്‍ സമയവും വിനിയോഗിച്ചു ജില്ലാ തല അവലോകന യോഗം നടത്തണമെന്നാണു സര്‍ക്കാര്‍ നിര്‍ദ്ദേശം. ഡി.എം.ഒയുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ ബിരുദമുള്ളവരും അല്ലാത്തവരുമായ ആരോഗ്യവകുപ്പിലെ ജില്ലാ തല ഉദ്യോഗസ്ഥരാണു നേതൃത്വം നല്‍കേണ്ടത്. യോഗത്തില്‍ ബ്ലോക്ക്തലങ്ങളിലെയും, താലൂക്ക് ജില്ലാ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരാണു പങ്കെടുക്കേണ്ടത്. എന്നാല്‍ അഞ്ചു വര്‍ഷമായി ജില്ലയില്‍ അഞ്ചാം പ്രവൃത്തി ദിനത്തില്‍ നടക്കുന്ന യോഗത്തില്‍ ഡോക്ടര്‍മാര്‍ക്കുമാത്രമാണു പ്രവേശനം.
ഇതേ അജന്‍ഡ വെച്ചു പിറ്റേ ദിവസം ജില്ലാ ആരോഗ്യ വകുപ്പു ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചു മറ്റൊരു യോഗം കൂടി നടത്തുകയാണു പതിവ്. ഒറ്റ ദിവസം കൊണ്ട് തീര്‍ക്കേണ്ട യോഗത്തിന് പതിനായിരക്കണക്കിന് രൂപയാണ് ഒരോ മാസവും ജില്ലയില്‍ അധികം ചെലവ് വരുന്നത്. ഒരുദിവസം നടക്കേണ്ട യോഗം രണ്ടു ദിവസം നടക്കുന്നതിനാല്‍ ആരോഗ്യവകുപ്പിന്റെ ബ്ലോക്ക് തല വാഹനങ്ങളും ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ രണ്ടു ദിവസത്തെ പ്രവര്‍ത്തനവും ഇതിനായി വിനിയോഗിക്കേണ്ടിവരുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."