വളപട്ടണത്തിന്റെ തിരുമുറ്റത്ത് വിരിഞ്ഞത് പുതുവസന്തം
വളപട്ടണം: വളപട്ടണത്തിന്റെ ഹൃദയത്തെ പുളകമണിയിച്ച് കൊണ്ട് അവര്‍ ഒത്തു കൂടി. തങ്ങളുടെ പഴയ സൗഹൃദവും സ്‌നേഹവും ഓര്‍മകളുമെല്ലാം പങ്ക് വെക്കാന്‍. വളപട്ടണം സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1964-2004 വര്‍ഷങ്ങളില്‍ സ്‌കൂള്‍ അങ്കണത്തില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ ഓര്‍മ്മയാകുന്ന മാവിന്‍ ചുവട്ടില്‍ വട്ടം കൂടിയപ്പോള്‍ തിങ്കളാഴ്ച വിരിഞ്ഞത് പുതുവസന്തം.
പഴയ ക്ലാസ് മുറികളുടെയും മധുരമൂറുന്ന മിഠായികളുടെയും ഓര്‍മകളുമായി ഒന്നിച്ച് ചേര്‍ന്ന സദസ്സ് നവ്യാനുഭവമായി. പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ 'തിരുമുറ്റം' ആരംഭിക്കുമ്പോള്‍ മുദ്രാ വാക്യങ്ങളോടെയുളള പ്രതീകാത്മകമായ സമര പരിപാടി. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം ചെയ്യുമെന്ന വാശിയുമായി സമരക്കാര്‍. സ്‌കൂളിന് വര്‍ഷങ്ങളായുള്ള ആവശ്യം കളിക്കളം എന്ന സ്വപ്നം പരിഗണിക്കാം എന്ന് എം.എല്‍.എ യും ഉറപ്പ് നല്‍കിയതോടെ സമരക്കാരും പിന്‍മാറി.
സംഗമത്തിന്റെ പ്രൗഡി വിളിച്ചോതി കൊണ്ട് 600 പേര്‍ പങ്കെടുത്ത പരിപാടിയില്‍ എല്ലാവരും പൂര്‍വ വിദ്യാര്‍ഥികള്‍. നിറഞ്ഞ സദസ് നോക്കി കണ്ടവര്‍ തങ്ങളുടെ പഴയകാല ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട് കണ്ണുകള്‍ ഈറനണിഞ്ഞു. വളപട്ടണത്തിന്റെ വിരിമാറില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖര്‍, ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍ കലാകാരന്‍മാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി.
സൗഹൃദ കൂട്ടായ്മയില്‍ പൂര്‍വ വിദ്യാര്‍ഥികളായ കണ്ണൂര്‍ സീനത്ത്, ഷാനിഫ് ഡിനോ തുടങ്ങിയവരുടെ ഗാന സദസ്സും നടന്നു. പരിപാടിയില്‍ 17 പഴയകാല അധ്യാപരെ ആദരിച്ചു. കൂട്ടായ്മയില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ വളപട്ടണത്തെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും തുടങ്ങിയവും നടന്നു.
കൂട്ടായ്മ കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എളയടത്ത് അശ്‌റഫ് അധ്യക്ഷനായി. സോവനീര്‍ പ്രകാശനം കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്തുംകടവ് നിര്‍വഹിച്ചു.
പഴയകാല അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം - അനുമോദനം പരിപാടി വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി മനോരമ നിര്‍വഹിച്ചു. സി.എച്ച് ബാലകൃഷ്ണന്‍, കെ.ടി ബാബുരാജ്, ടി.പി.കെ മുഹമ്മദ് ഹാരിസ്, കണ്ണൂര്‍ സുബൈര്‍, അഡ്വ.ഇ.പി ഹംസക്കുട്ടി, ബി.ടി മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."