മോദി സര്‍ക്കാരിന്റെ അമേരിക്കന്‍ പ്രേമം ആപത്ത്: പിണറായി
കണ്ണൂര്‍: അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമാന്തര രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ആപത്കരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ വിപ്ലവത്തിന്റെ 100ാം വാര്‍ഷികത്തിന്റെ ഭാഗമായി സി.പി.എം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വളണ്ടിയര്‍ മാര്‍ച്ചില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ പക്ഷം ഏതൊക്കെ രാജ്യം ചേര്‍ന്നിട്ടുണ്ടോ അവര്‍ക്കൊക്കെ കനത്ത നാശം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ വലിയ സന്തോഷത്തോടെയാണ് അമേരിക്കയുടെ പക്ഷത്ത് ചേരുന്നത്.
ഇത് അതീവ ഗൗരവമായി കാണണം. സംസ്ഥാനത്ത് സര്‍ക്കാര്‍ ഉണ്ടായതിന്റെ 60ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ആ സര്‍ക്കാര്‍ ഇവിടെ രൂപം കൊണ്ടപ്പോള്‍ അതിനെ തകര്‍ക്കാന്‍ അമേരിക്ക പണമിറക്കി. അന്നത്തെ അമേരിക്കന്‍ അംബാസിഡര്‍ മൊയ്‌നിഹാന്‍ അത് എഴുതിവച്ചിട്ടുണ്ട്. ലോകത്തെ 95 ശതമാനം കുത്തക മാധ്യമങ്ങളും സാമ്രാജ്വത്വ പക്ഷത്താണ്. ഇവയെ ഉപയോഗിച്ച് വിഷലിപ്തമായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും പിണറായി പറഞ്ഞു. ജില്ലാസെക്രട്ടറി പി. ജയരാജന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."