റോഡിലെ അപകടക്കുഴികള്‍ അടക്കാന്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഉത്തരവ്
തിരൂര്‍: വാഹനാപകടങ്ങള്‍ക്കിടയാക്കുന്ന തരത്തില്‍ പൊതുനിരത്തില്‍ നിര്‍മിച്ച കുഴികളും ഗര്‍ത്തങ്ങളും അടിയന്തരമായി അടയ്ക്കാന്‍ തിരൂര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ടി.വി സുഭാഷ് ഉത്തരവിട്ടു.
തിരൂര്‍ നഗരത്തിലും പരിസരങ്ങളിലെ റോഡുകളിലും സ്വകാര്യ ടെലിഫോണ്‍ കമ്പനികളുടെ കേബിളുകള്‍ സ്ഥാപിക്കുന്നതിനും വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുമായി കുഴിയെടുത്ത ഭാഗങ്ങള്‍ മണ്ണിട്ട് നികത്താത്തതിനാല്‍ വാഹന-കാല്‍നടയാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫസലുദ്ദീന്‍ വാരണാക്കര നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍, തിരൂര്‍ നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കാണ് ഇതുസംബന്ധിച്ച് ആര്‍.ഡി.ഒ നോട്ടീസയച്ചത്. ഒരു മാസം മുമ്പ് തിരൂര്‍ താഴെപ്പാലത്ത് ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്ത മുത്തൂര്‍ സ്വദേശിനിയായ വീട്ടമ്മ കേബിള്‍ സ്ഥാപിക്കാനായി കുഴിച്ച കുഴിയില്‍ ബൈക്കിന്റെ ചക്രം കുടുങ്ങി തെറിച്ച് വീണ് മരണപ്പെട്ട സംഭവം കൂടി ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ അടിയന്തര നടപടിയ്ക്ക് ആര്‍.ഡി.ഒ നിര്‍ദേശം നല്‍കുകയായിരുന്നു. തിരൂര്‍-ചമ്രവട്ടം, തിരൂര്‍-പാന്‍ബസാര്‍, പയ്യനങ്ങാടി മേഖലകളില്‍ കേബിള്‍- വാട്ടര്‍ അതോറിറ്റി പ്രവൃത്തികള്‍ കഴിഞ്ഞിട്ടും കുഴികള്‍ മണ്ണിട്ട് മൂടിയിട്ടില്ല. ഇതു വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാണ്.
അതിനാല്‍ പൊതുജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് നോട്ടീസ് ലഭിയ്ക്കുന്നതോടെ റോഡിലെ കുഴികളും ഗര്‍ത്തങ്ങളും നികത്തി പൂര്‍വസ്ഥിതിയിലാക്കണമെന്നും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ കാരണം ബോധ്യപ്പെടുത്തണമെന്നും ആര്‍.ഡി.ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."