രാമന്തളി മാലിന്യ പ്രശ്‌നം വിദഗ്ധ സമിതി റിപ്പോര്‍ട്ട് അസംബന്ധം: കെ.സി ഉമേഷ് ബാബു
പയ്യന്നൂര്‍: മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയ റിപ്പോര്‍ട്ട് അസംബന്ധവും അശാസ്ത്രീയവുമാണെന്ന് രാഷ്ട്രീയ നിരീക്ഷകനും കവിയുമായ കെ.സി ഉമേഷ് ബാബു. ജന ആരോഗ്യ സമരപന്തലില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെക്‌നോക്രാറ്റും ബഹിരാകാശ ശാസ്ത്രകാരനുമായ എം.സി ദത്തന്‍ ഭൂഗര്‍ഭ പഠനത്തിന് യോഗ്യതയില്ലാത്ത ആളാണ്. മാലിന്യപ്ലാന്റ് പൊളിച്ചുകളയണം എന്ന് പറയുന്നതിനുപകരം അഞ്ച് തരത്തില്‍ നവീകരിക്കണം എന്നു പറയുന്നതില്‍ ന്യായമില്ല.
മനുഷ്യരുടെ യുക്തിബോധത്തെ പരിഹസിക്കുകയാണ് വിദഗ്ധ സമിതി ചെയ്തിരിക്കുന്നത്. പുതിയ പ്ലാന്റ് പണിയുകയും പഴയത് അടച്ചുപൂട്ടുകയുമാണ് ഏക പരിഹാരം. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും കെ.സി ഉമേഷ് ബാബു പറഞ്ഞു. കെ.പി.സി നാരായണ പൊതുവാള്‍ അധ്യക്ഷനായി. കണ്‍വീനര്‍ കെ.പി രാജേന്ദ്രന്‍, ആര്‍. കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു. അക്കാദമി പയ്യന്നൂര്‍ ഗെയിറ്റിനു മുന്നില്‍ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമരം 66ാം ദിവസത്തിലേക്ക് കടന്നു. സമരപന്തലില്‍ നിധീഷ് കോടിയത്തിന്റെ നിരാഹാര സമരം പത്താംദിവസത്തിലേക്കു കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആര്‍ട്ടിസ്റ്റ് കെ.വി ദിനേശനെ ഇന്നു വൈകുന്നേരം ആറിന് സമരപന്തലില്‍ ആദരിക്കും. നാളെ വൈകുന്നേരം സമരപന്തലില്‍ ഐക്യദാര്‍ഢ്യ മറത്തുകളി അരങ്ങേറും. പാണപ്പുഴ പത്മനാഭന്‍ പണിക്കരും എടാട്ടുമ്മല്‍ ഭാസ്‌ക്കര പണിക്കരും നേതൃത്വം നല്‍കും.
15ന് കൂടങ്കുളം ആണവവിരുദ്ധ സമരനായകന്‍ ഉദയകുമാര്‍ സമരപന്തല്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."