മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു
കൊച്ചി: മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്നും പൊലിസ് മാരകായുധങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ നടന്ന പൊലിസ് പരിശോധനയിലാണു മാരാകായുധങ്ങള്‍ കണ്ടെടുത്തത്.
കോളജ് കാംപസിനോട് ചേര്‍ന്നുള്ള അധ്യാപകരുടെ ഹോസ്റ്റലില്‍ കുട്ടികള്‍ക്കു താല്‍ക്കാലികമായി അനുവദിച്ച മുറികളിലാണ് മാരാകായുധങ്ങള്‍ പൊലിസ് പിടികൂടിയത്. പരീക്ഷ കഴിഞ്ഞതിനാല്‍ ഹോസ്റ്റലില്‍ കുട്ടികളുണ്ടായിരുന്നില്ല. വാക്കത്തികളും ഇരുമ്പ് ദണ്ഡുകളുമാണ് ഹോസ്റ്റലില്‍നിന്നും കണ്ടെടുത്തത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എം.സി.ആര്.വി ഹോസ്റ്റലില്‍ നിന്നും താല്‍ക്കാലികമായി കുട്ടികളെ ഒഴിപ്പിച്ചിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ 19 കുട്ടികള്‍ക്ക് അധ്യാപകരുടെ ഹോസ്റ്റലില്‍ പ്രവേശനം നല്‍കിയിരുന്നു. ഒന്നാം നിലയില്‍ 13, 14, 15 മുറികളാണു വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്നത്. ഇതില്‍ 14-ാം നമ്പര്‍ മുറിയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പരീക്ഷയോടനുബന്ധിച്ചു വിദ്യാര്‍ഥികള്‍ നേരത്തേതന്നെ ഹോസ്റ്റലില്‍നിന്നും ഒഴിഞ്ഞിരുന്നു. എന്നാല്‍ ഈ മുറിയുടെ താക്കോല്‍ കുട്ടികള്‍ തിരികെ ഏല്പ്പിച്ചിരുന്നില്ലെന്നു ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപകര്‍ പറഞ്ഞു.
ഇതേത്തുടര്‍ന്നു വാര്ഡന് മറ്റൊരു താക്കോലുപയോഗിച്ചു മുറിപൂട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹോസ്റ്റലിന്റെ പുറകില്നിന്നും 14ാം നമ്പര്‍ മുറിയുടെ ജനാലയിലേക്ക് ഏണിവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഹോസ്റ്റല്‍ വാര്ഡന് പറഞ്ഞു.
അതേസമയം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുറിക്കകത്ത് മാരകായുധങ്ങള്‍ കണ്ടതെന്നുപൊലിസ് പറഞ്ഞു. സെന്‍ട്രല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഹോസ്റ്റലില്‍ എത്തി ആയുധങ്ങള്‍ കസ്്റ്റഡിയിലെടുത്തു. അതേസമയം കുട്ടികളുടെ മുറിയില്‍ പൊലിസ് എത്തിയതറിഞ്ഞ് എസ്.എഫ്.ഐ നേതാക്കള്‍ പ്രതിഷേധവുമായെത്തി. അധ്യാപകരുടെ ഹോസ്റ്റല്‍ കുട്ടികള്‍ക്ക് നല്‍കിയതിലുള്ള പ്രതിഷേധമാണ് ഇതിന് പിന്നിലെന്ന് എസ്.എഫ്.ഐ നേതാക്കള്‍ ആരോപിച്ചു.
കുട്ടികള്‍ ഹോസ്റ്റല്‍ ഒഴിഞ്ഞതിനുശേഷം ആയുധങ്ങള്‍ പിടിച്ചെടുത്തത് ആസൂത്രിതമാണ്. കുട്ടികളെ ഹോസ്റ്റലില്‍ കയറ്റാതിരിക്കാനാണു ശ്രമമെന്നും ഇവര്‍ പറഞ്ഞു. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."