ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരം നാശത്തിന്റെ വക്കില്‍
ആറ്റിങ്ങല്‍: കേരള ചരിത്രത്തില്‍, ആറ്റിങ്ങല്‍ കലാപം ഉള്‍പ്പടെ പല അവിസ്മരണീയ സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള കൊല്ലമ്പുഴ കോയിക്കല്‍ കൊട്ടാരം നാശത്തിന്റെ വക്കില്‍.
കൃത്യമായ സംരക്ഷണ നടപടികളില്ലാത്തതിനാല്‍ കഴുക്കോലുകള്‍ ദ്രവിച്ചും ചിതലെടുത്തും അപകടാവസ്ഥയിലാണ്. മേല്‍ക്കൂരയുടെ ഓടുകള്‍ തകര്‍ന്ന് മഴയത്ത് വെള്ളം അകത്തേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയാണ്. കൊട്ടാരത്തിന്റെ സംരക്ഷണച്ചുമതലയുള്ള ദേവസ്വം ബോര്‍ഡ് ഗുരുതര അനാസ്ഥയാണ് കാണിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
കൊട്ടാരത്തിന്റെ മണ്ഡപക്കെട്ട് ഇടിഞ്ഞുപൊളിഞ്ഞ സ്ഥിതിയിലാണ്. ഇതിന്റെ ഭൂരിഭാഗവും തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. എട്ടുകെട്ടിന്റെ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള മൂലമണ്ഡപവും കൊട്ടാരത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്ന മുഖമണ്ഡപവും പൂര്‍ണ നാശത്തിന്റെ വക്കിലാണ്.
ഈ മണ്ഡപക്കെട്ടില്‍ കുറച്ചു നാള്‍ മുമ്പുവരെ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ക്ഷേത്ര കലാപീഠം പ്രവര്‍ത്തിച്ചിരുന്നു. കൊട്ടാരം വൃത്തിയായി സൂക്ഷിക്കുന്നതിന് കലാപീഠത്തിന്റെ പ്രവര്‍ത്തനം സഹായിച്ചിരുന്നു.
എന്നാല്‍ ദേവസ്വം ബോര്‍ഡ് കലാപീഠത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ കൊട്ടാരം തീര്‍ത്തും അനാഥമായി. പത്തേക്കറോളം വരുന്ന സ്ഥലത്താണ് കൊട്ടാരം പണികഴിപ്പിച്ചിരുന്നത്, റാണിമാര്‍ക്കു താമസിക്കുവാനുള്ള അന്തഃപുരങ്ങള്‍,ദിവാന്‍ ബംഗ്ലാവ് തുടങ്ങിയവയൊക്കെ ചേര്‍ന്നതായിരുന്നു കൊട്ടാരസമുച്ചയമെങ്കിലും കൊട്ടാരമൊഴികേയുള്ള സ്ഥലങ്ങള്‍ ഇന്ന് സ്വകാര്യ വ്യക്തികളുടെ കൈയിലാണ്.ഇപ്പോള്‍ കൊട്ടാരവും ഈട്ടുപുരയും മാത്രമേ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ളു. അതാണ് ഇപ്പോള്‍ നാശത്തിന്റെ വക്കിലായിരിക്കുന്നത്.
കേരളീയ വാസ്തുശില്‍പ രീതി അനുസരിച്ച് നിര്‍മിച്ചിട്ടുള്ള കൊട്ടാരത്തിന് 700 വര്‍ഷത്തോളം പഴക്കം കാണുമെന്നാണ് പഴമക്കാര്‍ പറയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."