തെരുവ് വിളക്ക്; അഡ്മീഡിയയുമായുള്ള കരാര്‍ റദ്ദാക്കി
കൊല്ലം: തെരുവ് വിളക്ക് പരിപാലനത്തിന് കരാര്‍ ഏറ്റെടുത്തിരുന്ന അഡ്മീഡിയ എന്ന സ്ഥാപനവുമായുള്ള കരാര്‍ നഗരസഭ റദ്ദാക്കി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാലും വ്യാപകമായ പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കരാര്‍ റദ്ദുചെയ്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് 23ന് ചേര്‍ന്ന കൗണ്‍സില്‍ തീരുമാനപ്രകാരമാണ് നടപടി. നഗരസഭക്ക് അഡ്മീഡിയയില്‍ നിന്ന് ലഭിക്കാനുള്ള കൂടിശ്ശിക തുക റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കും. ഇനിമുതല്‍ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്ത് തെരുവ് വിളക്ക് പരിപാലനം മാത്രം നടത്തുന്ന രീതിയിലാകും കരാര്‍ നല്‍കുക. പരസ്യവരുമാനം നേരിട്ട് പിരിച്ചെടുക്കാനും കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടു.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതി പ്രകാരം (വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍) അംഗമായി ഐഡി നമ്പര്‍ ലഭിച്ചവര്‍ക്കും ഒരു തവണയെങ്കിലും പെന്‍ഷന്‍ ലഭിച്ചവര്‍ക്കും വേണ്ടി 19, 20 തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നഗരസഭാ ഓഫിസില്‍ അദാലത്ത് സംഘടിപ്പിക്കുമെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്. ഗീതാകുമാരി അറിയിച്ചു.
പരാതികള്‍ പെന്‍ഷന്‍ ഐഡി നമ്പര്‍, ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ രേഖകളുമായി 12നുള്ളില്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. മഴക്കാലപൂര്‍വ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് എലി നശീകരണദിനമായി ആചരിക്കും. 50 ഗ്രാം എലിവിഷം അടങ്ങുന്ന പായ്ക്കറ്റ് ആശാ പ്രവര്‍ത്തകര്‍ മുഖേന എല്ലാ വീടുകളിലും എത്തിക്കുമെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ എസ്. ജയന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."