മൂന്നാര്‍ ദൗത്യം; 10 വര്‍ഷം മുമ്പ് നിലച്ചത് സി.പി.ഐ ഓഫിസില്‍ തട്ടി; ഇപ്പോള്‍ കുരിശടിയിലും
തൊടുപുഴ: 10 വര്‍ഷം മുമ്പ് സി.പി.ഐ ഓഫിസില്‍ തട്ടി നിലച്ച മൂന്നാര്‍ ഒഴിപ്പിക്കല്‍ ഇപ്പോള്‍ സ്തംഭിച്ചത് കുരിശിന്റെ പേരില്‍. അന്ന് ദൗത്യസംഘതലവന്‍ കെ. സുരേഷ്‌കുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സി.പി.ഐ ഇന്ന് പാപ്പാത്തിച്ചോലയിലെ കുരിശ് തകര്‍ത്ത ദേവികുളം സബ് കലക്ടര്‍ വി ശ്രീറാമിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നത് മാത്രമാണ് വ്യത്യാസം. സി.പി.എം. - സി.പി.ഐ വാഗ്വാദങ്ങള്‍ തുടരുന്നതിനിടെ മൂന്നാര്‍ ദൗത്യം അകാല ചരമമടഞ്ഞു.
ഒഴിപ്പിക്കല്‍ നടപടിയെ ആദ്യം മുതല്‍ എതിര്‍ത്ത സി.പി.എമ്മിന് കിട്ടിയ ആയുധമായിരുന്നു പാപ്പാത്തിച്ചോലയിലെ കുരിശടി. മതമേലധ്യക്ഷന്‍മാരും പ്രതിപക്ഷവും രംഗത്തുവരുന്നതിന് മുമ്പ് മുഖ്യമന്ത്രി തന്നെ കുരിശടി തകര്‍ത്തതിനെ എതിര്‍പ്പോള്‍ സംരക്ഷിക്കപ്പെട്ടത് സി.പി.എം താല്‍പര്യം തന്നെയാണ്. ജില്ലാ കലക്ടര്‍, ദേവികുളം സബ് കലക്ടര്‍ എന്നിവര്‍ക്ക് ഉടന്‍ സ്ഥാനചലനത്തിനും സാധ്യത ഏറെയാണ്.
2007 മെയ് 13നാണ് കെ.സുരേഷ്‌കുമാര്‍, ഐ.ജി ഋഷിരാജ്‌സിങ്, ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ജെ.സി.ബി ഉരുണ്ടുതുടങ്ങിയത്. ജൂണ്‍ ഏഴു വരെയുളള 25 നാളുകള്‍ക്കിടെ 91 കെട്ടിടങ്ങള്‍ നിലം പതിച്ചു. 11350 ഏക്കര്‍ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുകയും ചെയ്തു. യു.ഡി.എഫ് മന്ത്രിയുടെ ബന്ധുവിന്റെ 10 കോടിയുടെ റിസോര്‍ട്ടും ഇതില്‍പ്പെടും.
ദേശീയ പാതയോരം കൈയേറിയ സി.പി.ഐ ഓഫിസിന്റെ മുന്‍ഭാഗം 2007 മെയ് 14നാണ് പൊളിച്ചുനീക്കിയത്. ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന എം.ഐ.രവീന്ദ്രന്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചു നല്‍കിയ രവീന്ദ്രന്‍ പട്ടയങ്ങളുടെ കഥ മെയ് 28ന് വെളിച്ചത്താകുക കൂടി ചെയ്തതോടെ മൂന്നാര്‍ ദൗത്യം കൂടുതല്‍ സങ്കീര്‍ണമായി. ഇതിനിടെ പല ഫയലുകളും സ്റ്റേയില്‍ കുടുങ്ങി.
2007 ജൂലൈ മൂന്നിന് മുഖ്യമന്ത്രി അച്യുതാനന്ദന്‍ നേരിട്ടെത്തി ടാറ്റാ കൈയേറിയതെന്ന് പറഞ്ഞ് 1380 ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. എന്നാല്‍ ഈ ഭൂമി വനം വകുപ്പിന്റേതാണെന്ന് ടാറ്റാ പറഞ്ഞതോടെ ഇതും വിവാദത്തിലായി.സെപ്റ്റംബര്‍ 27ന് കലക്ടര്‍ രാജുനാരായണ സ്വാമിയെ മാറ്റി. ഇതിനിടെ സുരേഷകുമാറും ഋഷിരാജ് സിങും മലയിറങ്ങിയിരുന്നു. പിന്നീട് അഡീഷനല്‍ ലാന്റ് റവന്യു കമീഷണര്‍ വി.എം.ഗോപാലമേനോനെയും തുടര്‍ന്ന് കെ.എന്‍ രാമാനന്ദനെയും മൂന്നാറിലേക്ക് നിയോഗിച്ചു. ഇതിനിടെ ഭൂമി പിടിച്ചെടുത്തുകൊണ്ട് സ്ഥാപിച്ച സര്‍ക്കാര്‍ ബോര്‍ഡുകളില്‍ പലതും കാണാതായി.
ഒഴിപ്പിക്കാന്‍ വരുന്നവന്റെ കാലുവെട്ടുമെന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.എം മണിയുടെ ഭീഷണി നിലനില്‍ക്കെ 2008 സെപ്റ്റംബര്‍ 30ന് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും മൂന്നാറിലേക്ക് മലകയറിയെത്തി തുടര്‍ ദൗത്യത്തിന് തുടക്കമിട്ടു. എന്നാല്‍ ദൗത്യത്തിന്റെ വിധിയില്‍ മാറ്റമുണ്ടായില്ല. നോട്ടീസ് നല്‍കിയതല്ലാതെ ടാറ്റാ അടക്കമുളള വന്‍കിട കൈയേറ്റക്കാരില്‍ നിന്നും ഒരിഞ്ച് പോലും ഭൂമി വീണ്ടെടുക്കാനോ ഒരിടത്ത് പോലും സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കാനോ കഴിഞ്ഞില്ല.
നിരവധി നഷ്ടപരിഹാര കേസുകളാണ് മൂന്നാര്‍ നടപടിയുടെ പേരില്‍ വിവിധ കോടതികളിലുളളത്. 2008 സെപ്റ്റംബര്‍ നാലിന് ഉണ്ടായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 11ന് ധന്യശ്രീ റിസോര്‍ട്ട് സര്‍ക്കാര്‍ ഉടമകള്‍ക്ക് കൈമാറി. സ്റ്റേ നിലനില്‍ക്കെ ധന്യശ്രീ പൊളിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സുരേഷ്‌കുമാറിന് ഹൈക്കോടതി നഷ്ടപരിഹാരം വിധിച്ചു. പളളിവാസല്‍ മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ടിന്റെ സര്‍ക്കാര്‍ ഏറ്റെടുത്ത 2.84 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് വിട്ടുകൊടുക്കണമെന്ന് 2009 ജൂലൈ 22ന് വിധിച്ച ഹൈക്കോടതി അന്ന് ജില്ലാ കലക്ടറായിരുന്ന രാജു നാരായണസ്വാമി 15000 രൂപ കോടതിച്ചെലവ് നല്‍കാനും വിധിച്ചു.
ഒരിക്കല്‍ പാര്‍ട്ടിയിലെ ശക്തി ദുര്‍ഗമായിരുന്ന ഇടുക്കി ഘടകം വി.എസിന് നഷ്ടമാക്കിയതും മൂന്നാര്‍ ദൗത്യമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയില്‍ ദുര്‍ബലനായ വി.എസ് ഇത്തവണത്തെ ഒഴിപ്പിക്കലിനോട് ആദ്യം പ്രതികരിച്ചെങ്കിലും പിന്നീട് മൗനം പാലിച്ചു. സിപിഎം കൈയേറ്റക്കാരുടെ സംരക്ഷകരാണ് എന്ന ആരോപണം ഉറപ്പിക്കാന്‍ സിപിഐ മൂന്നാര്‍ ഒഴിപ്പിക്കലിന് വേണ്ടി ശക്തമായി രംഗത്തിറങ്ങി. ആ ആരോപണം ജനത്തെ വിശ്വസിപ്പിക്കാന്‍ ഒരു പരിധി വരെ സിപിഐക്കായി എന്നതാണ് പുതിയ മൂന്നാര്‍ ദൗത്യത്തിന്റെ ബാക്കി പത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."