അഴിമതിക്കേസ്: ഡോക്ടര്‍മാരെ കോടതി ജയിലിലടച്ചു
തിരുവനന്തപുരം: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും ആശുപത്രിയില്‍ 'സുഖചികിത്സ'യിലായിരുന്ന ഡോക്ടര്‍മാരെ കോടതി ജയിലിലാക്കി. ഒന്നാംപ്രതി ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. വി.കെ.രാജന്‍, രണ്ടാംപ്രതി മുന്‍ ഡി.എം.ഒ ഡോ. കെ.ഷൈലജ എന്നിവരെയാണ് ജയിലിലേക്കു മാറ്റാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്.
കോടതി നിയോഗിച്ച ശ്രീചിത്ര മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഹൃദ്രോഗി കൂടിയായ വി.കെ.രാജനെ മെഡിക്കല്‍ കോളജിലെ ജയില്‍വാര്‍ഡിലേക്കും ഷൈലജയെ തിരുവനന്തപുരം വനിതാ ജയിലിലേക്കുമാണു മാറ്റിയത്. കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്നു ചൂണ്ടിക്കാട്ടി ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട കോടതി അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി ആര്‍.സുകേശനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറായിരുന്ന പ്രതികള്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് ജയില്‍വാസം ഒഴിവാക്കാന്‍ ശ്രമിച്ചതായി സംശയമുണ്ടെന്നായിരുന്നു സുകേശന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്നു തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലെ ഡോ. പ്രിയങ്ക, മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ രാജശേഖരന്‍, ഷര്‍മദ് എന്നിവരോട് ഇന്നലെ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
നിലവിലുള്ള മെഡിക്കല്‍ രേഖകള്‍ പ്രകാരം ഡോക്ടര്‍മാര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് കോടതിയില്‍ മൊഴി നല്‍കി. ഗുരുതര പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ എന്തിനാണ് ആശുപത്രിവാസമെന്നു കോടതി ചോദിച്ചു. എന്നാല്‍ വ്യക്തമായ മറുപടി അവര്‍ നല്‍കിയില്ല. ഉച്ചയ്ക്കു ശേഷം ശ്രീചിത്ര മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും കോടതിക്കു ലഭിച്ചു. തുടര്‍ന്നാണ് ഡോക്ടര്‍മാരെ ജയിലിലേക്കു മാറ്റിയത്. അതേസമയം, വഞ്ചിയൂര്‍ എസ്.ഐ അശോക്കുമാര്‍, സര്‍ക്കാര്‍ സര്‍വിസിലെ ഡോക്ടര്‍മാരായ രാജശേഖരന്‍, ഷര്‍മദ് എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും കോടതി ശുപാര്‍ശ ചെയ്തു.
ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയതിനാണ് ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാരായിരുന്ന ഡോ. വി.കെ.രാജനെയും ഡോ. ഷൈലജയെയും കോടതി അഞ്ചുവര്‍ഷം തടവിനും 50 ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."