ഭീകരര്‍ക്കായി കശ്മിരില്‍ സംയുക്ത സേനാ തിരച്ചില്‍
ശ്രീനഗര്‍: കശ്മീരിലുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകര്‍ക്കായി സംയുക്ത സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ശക്തമാക്കി. ഷോപിയാന്‍ ജില്ലയുള്‍പ്പെടെ ഇരുപതോളം മേഖലകളിലാണ് തിരച്ചില്‍ തുടങ്ങിയത്. സൈന്യം, സി.ആര്‍.പി.എഫ്, പൊലിസ് എന്നിവരുള്‍പ്പെടെയുള്ള സംയുക്ത തിരച്ചിലില്‍ 4000ലധികം പേരാണ് പങ്കെടുക്കുന്നത്.
സൈന്യത്തിനും പൊലിസിനുമെതിരേ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്തുകയാണ്. ഇവരെ കണ്ടെത്തുന്നതിനും കശ്മിരിനെ ഭീകരമുക്തമാക്കുകയും ചെയ്യുകയെന്നതാണ് തിരച്ചിലിന്റെ പ്രധാന ലക്ഷ്യം. പത്ത് വര്‍ഷത്തിനിടയില്‍ കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സൈന്യം അറിയിച്ചു.
വീടുകള്‍ തോറും കയറിയുള്ള ഭീകരര്‍ക്കായുള്ള തിരച്ചില്‍ 1990ല്‍ സൈന്യം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം മുന്‍ നിര്‍ത്തിയാണ് വീണ്ടും തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. പ്രദേശവാസികളെ മുഴുവന്‍ ഒരു സ്ഥലത്ത് ഒരുമിച്ചു കൂട്ടി വീടുകള്‍ കയറിയുള്ള പരിശോധനയാണ് നടക്കുന്നത്. ഭീകരര്‍ വീടുകളില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള കണ്‍സീല്‍ഡ് ആന്റി ടെററിസ്റ്റ് (സി.എ.ടി) എന്ന പ്രത്യേക വിഭാഗം ഡ്രോണ്‍ അടക്കമുള്ള ഉപകരണങ്ങളുടെ സഹായത്തോടെ സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നത്.
ഷോപിയാനിലെ തുര്‍ക്കാവാങ്കന്‍ പ്രദേശത്ത് സൈനികര്‍ക്കെതിരായി ഒറ്റപ്പെട്ട കല്ലേറൊഴിച്ചാല്‍ തിരച്ചല്‍ പൂര്‍ണമായും സമാധാനപരമായിരുന്നുവെന്നും പ്രദേശവാസികള്‍ തങ്ങളുടെ ദൗത്യത്തോട് സഹകരിക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.~ഒന്നാംഘട്ട തിരച്ചിലിന് ശേഷം അതേ പ്രദേശത്തു തന്നെ ഭീകരരുടെ സാന്നിധ്യമില്ലെന്ന് ഉറപ്പിക്കാനായി രണ്ടാമതും പഴുതടച്ച തിരച്ചില്‍ നടത്തുമെന്ന് സൈന്യം അറിയിച്ചു.
എന്നാല്‍ ഭീകരരുടെ സാന്നിധ്യത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇത് വരെ സൈന്യത്തിനോ പൊലിസിനോ ലഭ്യമായിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം തിരച്ചില്‍ നടത്തുന്ന ഭാഗങ്ങളില്‍ പത്തോളം വരുന്ന ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന വിവരം ലഭിച്ചിരുന്നവെന്ന് സൈന്യം അറിയിച്ചു.
താഴ്‌വരകളില്‍ നുഴഞ്ഞു കയറിയ ഈ സംഘത്തിന്റ നീക്കങ്ങള്‍ ലഭിച്ചിരുന്നവെന്നും എന്നാല്‍ പിന്തുടരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും സൈന്യം പറയുന്നു. നുഴഞ്ഞു കയറിയ ഭീകരരുടെ സംഘം മനിഘയിലും ഹൈഹാമയിലും രണ്ടു തവണ സൈന്യത്തിന്റെ പട്രോളിങ്ങിന് തടസമുണ്ടാക്കിയിരുന്നു. ആയുധങ്ങളുമായിട്ടാണ് സംഘത്തിന്റെ നീക്കമെന്ന് ഒരു സൈനിക ഓഫിസര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കിടെ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മിരില്‍ നടത്തിയ സന്ദര്‍ശനം ജമ്മുകശ്മിരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റത്തിനെതിരായി ശക്തമായ നിലപാടെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കശ്മീരില്‍ ഇന്നലെ ആരംഭിച്ച തിരച്ചിലുകള്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നുള്ള പുതിയ നീക്കമല്ലെന്നും കഴിഞ്ഞ കാലങ്ങളിലുണ്ടായതിന് സമാനമാണെന്നും ജന. ബിപിന്‍ റാവത്ത് പറഞ്ഞു.
സുരക്ഷാ സേനക്കുനേരെ ആക്രമണം നടത്തുക, ബാങ്കുകളില്‍ കവര്‍ച്ച നടത്തുക തുടങ്ങിയവയാണ് ഭീകരരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഇത് തെക്കന്‍ കശ്മീരിലാണ് ഏറ്റവും കൂടുതലുള്ളതെന്ന് സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു.
കുല്‍ഗാമിന് സമീപ പ്രദേശത്ത് അഞ്ച് പൊലിസുകാര്‍ ഉള്‍പ്പെടെ ഏഴ് പേരെ ഭീകരര്‍ കൊലപ്പെടുത്തി നാലു ദിവസത്തിന് ശേഷമാണ് സൈന്യത്തിന്റെ ഭാഗത്തു നിന്നുള്ള ശക്തമായ നടപടി വരുന്നത്. അടുത്തിടെ ആയുധ ധാരികളായ ഭീകരര്‍ കശ്മിരിലെ തോട്ടങ്ങളിലൂടെ സ്വതന്ത്ര വിഹാരം നടത്തുന്ന വിഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതും സൈനിക നീക്കത്തിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."