താലൂക്ക് ലാന്റ് ബോര്‍ഡ് ഓഫിസ് കല്‍പ്പറ്റയിലേക്ക് മാറ്റി വിചാരണ നടപടികള്‍ നിലച്ചേക്കും
മാനന്തവാടി: ജില്ലാ മെഡിക്കല്‍ ഓഫിസ് മാറ്റുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെ മാനന്തവാടി സബ് കലക്ടര്‍ ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്ന മാനന്തവാടി താലൂക്ക് ലാന്റ് ബോര്‍ഡ് ഓഫിസ് കല്‍പ്പറ്റ കലക്ടറേറ്റിലേക്ക് മാറ്റി.
117 നമ്പര്‍ ഉത്തരവ് പ്രകാരം 2017 ജനുവരി മൂന്നിന് ഇറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഗസ്റ്റ് വിജ്ഞാപനമായത്. ഇതോടെ താലൂക്കിലെ വന്‍കിട തോട്ടങ്ങളുടെ വിചാരണ നടപടികള്‍ നിലച്ചു. നിലവില്‍ സബ് കലക്ടര്‍ ആയിരുന്നു ചെയര്‍മാന്‍. ഓഫിസ് മാറ്റിയതോടെ എല്‍.എ ഡെപ്യൂട്ടി കലക്ടറെ ചെയര്‍മാനാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
2007 മുതല്‍ മാനന്തവാടിയില്‍ ഈ ഓഫിസ് പ്രവര്‍ത്തിച്ച് വരികയായിരുന്നു. ബോര്‍ഡിന് മുന്നില്‍വന്ന നിരവധി ഭൂമി കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. നിലവില്‍ 122 കേസുകളാണ് ബോര്‍ഡിന്റെ പരിഗണനയിലുള്ളത്. ഇതില്‍ ഭൂരിഭാഗവും വന്‍കിട തേയില, കാപ്പിത്തോട്ടങ്ങളുടെ കേസുകളാണ്. അതുകൊണ്ടുതന്നെ ഓഫിസ് മാറ്റത്തിന് പിന്നില്‍ ഈ ലോബിയുടെ സമ്മര്‍ദം ഉണ്ടായിട്ടുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് ഓഫിസ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്തു.
ഓഫിസ് മാറ്റിയെങ്കിലും നിലവിലെ ഫയലുകള്‍ കലക്ടറേറ്റില്‍ സൂക്ഷിക്കാന്‍ സ്ഥലസൗകര്യം ഇല്ല. ഇതുമൂലം ഫയലുകള്‍ സബ് കലക്ടര്‍ ഓഫിസില്‍ വിശ്രമിക്കുകയാണ്.
ബോര്‍ഡിലെ ജീവനക്കാരായ ഡെപ്യൂട്ടി താഹസില്‍ദാരും ക്ലര്‍ക്കും ഇരിക്കാന്‍ ഇടമില്ലാതെ അലയുകയാണ്.
അതേസമയം ഓഫിസ് മാറ്റം പുന:സംഘടിപ്പിക്കപ്പെട്ട താലൂക്ക് ലാന്റ് ബോര്‍ഡ് ആദ്യയോഗത്തില്‍ ചര്‍ച്ചയായതായാണ് സൂചന. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് അംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."