കെ.എം മാണിയെ കാത്തിരിക്കുന്നത് രാഷ്ട്രീയ ആത്മഹത്യ: ഹസന്‍
കോഴിക്കോട്: ആസൂത്രിതമായ കൊടിയ വഞ്ചനക്ക് നേതൃത്വം നല്‍കിയ കെ.എം മാണിയെ കാത്തിരിക്കുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കോഴിക്കോട് ഡി.സി.സി അംഗത്വവിതരണ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജില്ലാ പഞ്ചായത്തിലെ ഭരണം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. ജോസ് കെ.മാണിയുടെ തീരുമാനങ്ങള്‍ക്ക് കെ.എം മാണി മൗനാനുവാദം നല്‍കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് പരാജയത്തിന്റെ കാരണം കെ.എം മാണിയായിരുന്നു. മാണിയുമായി ബന്ധപ്പെട്ട അഴിമതികളെ പൊതുജനമധ്യത്തില്‍ ന്യായീകരിച്ചതാണ് പരാജയത്തിന് പ്രധാന കാരണം.
പ്രചാരണവേളയില്‍ പ്രതിപക്ഷം മാണിക്കെതിരേ ആരോപണം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസായിരുന്നു അതിനെ ന്യായീകരിച്ച് രംഗത്തെത്തിയത്.ആരോപണങ്ങള്‍ക്കിടയില്‍ രക്ഷാകവചമായിട്ടായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ചത്. കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍നിന്നു പുറത്തുപോയെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരത്തെയുള്ള ധാരണ തുടരാനായിരുന്നു തീരുമാനം. മറ്റിടങ്ങളില്‍ തെരഞ്ഞെടുപ്പു വന്നാല്‍ ഇതുപോലുള്ള വഞ്ചന കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായ ചടങ്ങില്‍ മുന്‍ മന്ത്രി എം. കമലം ആദ്യ അംഗത്വം ഏറ്റുവാങ്ങി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി.എം സുരേഷ് ബാബു, കെ.പി അനില്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്‍, യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, എ.ഐ.സി.സി അംഗം പി.വി ഗംഗാധരന്‍, കെ.സി അബു, പി.എം നിയാസ്, കെ.പി ബാബു, ഉഷാദേവി ടീച്ചര്‍, അഡ്വ.എം. രാജന്‍, വി.ടി നിഹാല്‍, പി.പി നൗഷീര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."