ഗാന്ധി സര്‍ക്കിളില്‍ വരകള്‍ മാഞ്ഞു
കണ്ണൂര്‍: ഗാന്ധി സര്‍ക്കിളില്‍ വീണ്ടും ഡ്രൈവര്‍മാരെയും കാല്‍നടയാത്രക്കാരെയും വലച്ച് സിഗ്നല്‍ വരകളും സീബ്രാലൈനും മാഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ദേശീയപാത ഉള്‍പ്പെടെ റീ ടാറിങ് നടത്തിയപ്പോഴാണ് സിഗ്നല്‍ ലൈനുകളും മാഞ്ഞുപോയത്.
സര്‍ക്കിളിന്റെ മൂന്നു ഭാഗങ്ങളിലെയും വെള്ളവരകള്‍ പൂര്‍ണമായും മാഞ്ഞുപോയ അവസ്ഥയിലാണ്. ഇതോടെ ദേശീയപാത തലശ്ശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും പയ്യന്നൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും സിഗ്നല്‍ ലൈറ്റും കടന്ന് നിര്‍ത്തിയിടേണ്ട അവസ്ഥയാണ്. സീബ്രാലൈന്‍ ഇല്ലാത്തതോടെ കാല്‍നടയാത്രക്കാരും ആശയക്കുഴപ്പത്തിലായിട്ടുണ്ട്. ഒന്നു റോഡ് മുറിച്ചു കടക്കാന്‍ പെടാപ്പാടാണ് ഗാന്ധി സര്‍ക്കിളില്‍. സ്റ്റോപ് ലൈനുകള്‍ മാഞ്ഞതോടെ സിഗ്നല്‍ തെറ്റിച്ച് വരുന്ന വാഹനങ്ങളെ പിറകോട്ടു കൊണ്ടുപോകാന്‍ ട്രാഫിക് പൊലിസും കിണഞ്ഞു പരിശ്രമിക്കണം. വാഹനങ്ങള്‍ സര്‍ക്കിളിന്റെ തൊട്ടടുത്ത് നിര്‍ത്തുന്ന സ്ഥിതിയും കുറവല്ല. നേരത്തെ സര്‍ക്കിള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വരച്ച സ്റ്റോപ്
ലൈനുകള്‍ അശാസ്ത്രീയമെന്നു ആരോപണമുയര്‍ന്നതിനാല്‍ മാറ്റി വരക്കാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ടാറിങ് നടത്തിയതിനെത്തുടര്‍ന്ന് ലൈനുകള്‍ മാഞ്ഞത്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഇവ മാറ്റി വരച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."