ജിഷ്ണു കേസ് ഗൗരവമുള്ളതെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യചെയ്ത കേസ് ഗൗരവമേറിയതെന്ന് സുപ്രിംകോടതി. കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി ശരിയായ രീതിയിലായിരുന്നില്ലെന്നും ഹൈക്കോടതിയുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിന്റെയും കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന്റെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സര്‍ക്കാരിന്റെ ഹരജിയില്‍ ഇരുവര്‍ക്കും കോടതി നോട്ടിസ് അയച്ചു.
ജിഷ്ണു കേസില്‍ ശക്തിവേലിന് നല്കിയ ജാമ്യവും ലക്കിടി കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തിനെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിനു നല്കിയ ജാമ്യവും റദ്ദാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. അല്ലാത്തപക്ഷം ഇരുവരും സാക്ഷികളെ സ്വാധീനിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷണല്‍ സൊളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹന് വാദിച്ചു. ജിഷ്ണു കേസില്‍ പ്രതികളെ ചോദ്യംചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നും സര്‍ക്കാരിനെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരജി വേനലവധി കഴിഞ്ഞ് ജൂലൈയില്‍ വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."