രാജ്യത്തെ പിടിച്ചുകുലുക്കിയ 'നിര്‍ഭയ'
ന്യൂഡല്‍ഹി: 2012 ഡിസംബര്‍ 17 തിങ്കളാഴ്ച പ്രഭാതത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്തകേട്ടാണ് ഡല്‍ഹിയും രാജ്യവും ഉണര്‍ന്നത്. രാജ്യതലസ്ഥാനത്ത് അര്‍ധരാത്രി ഓടിക്കൊണ്ടിരിക്കെ ബസില്‍ യുവതി ക്രൂര ബലാത്സംഗത്തിനിരയായി ഗുരുതരാവസ്ഥയില്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട സംഭവം പ്രതിഷേധാഗ്നിയായി പടര്‍ന്ന് അധികാരകേന്ദ്രങ്ങളെ വരെ പിടിച്ചുലക്കുന്ന തരത്തിലേക്ക് കത്തിയാളുകയായിരുന്നു. ലോകത്തിനു മുന്‍പില്‍ രാജ്യം നാണക്കേടുകൊണ്ട് തല കുനിച്ചു.
തീവ്രപരിചരണങ്ങളൊന്നും ഫലിക്കാതെ സിംഗപ്പൂര്‍ ആശുപത്രിയില്‍ യുവതി മരണത്തിനു കീഴടങ്ങിയതോടെ രാജ്യത്തെ പ്രധാനഗരങ്ങളിലെല്ലാം സാമൂഹിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമടങ്ങുന്ന വന്‍ സംഘങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങി. രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ അടിക്കടിയുണ്ടായ പീഡനസംഭവങ്ങളുടെ കൂടി പശ്ചാത്തലമുണ്ടായതിനാല്‍ സംഭവം ആളിക്കത്തി. മെഴുകുതിരി കത്തിച്ച് രാജ്യം യുവതിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. മറ്റു രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍നിന്നു വ്യത്യസ്തമായി അഭൂതപൂര്‍വമായ സ്ത്രീമുന്നേറ്റത്തിനാണ് ഡല്‍ഹി സാക്ഷിയായത്. 'ഞാനാണ് നിര്‍ഭയ', 'നിര്‍ഭയ എന്റെ സഹോദരിയാണ് ' എന്നു തുടങ്ങിയ പ്ലക്കാഡുകള്‍ പിടിച്ച് സ്ത്രീകള്‍ നയിച്ച പ്രക്ഷോഭം ലോകമാധ്യമങ്ങളിലെ തലക്കെട്ടുകളില്‍ ഇടംപിടിച്ചു.
ഡിസംബര്‍ 21ന് ഇന്ത്യാ ഗെയ്റ്റിലും റെയ്‌സിനാകുന്നിലും മറ്റു ഭരണസിരാകേന്ദ്രങ്ങളിലും നടന്ന പതിനായിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം അക്രമാസക്തമായി. ജലപീരങ്കിയും ടിയര്‍ഗ്യാസും ഉപയോഗിച്ചാണ് പൊലിസ് സമരക്കാരെ പിരിച്ചുവിട്ടത്. യോഗാ ആചാര്യന്‍ ബാബാ രാംദേവും മുന്‍ കരസേനാ മേധാവി വിജയ്കുമാര്‍ സിങ്ങുമടക്കമുള്ള പ്രമുഖര്‍ പങ്കുകൊണ്ട പ്രക്ഷോഭത്തില്‍ നിരവധി പേര്‍ അറസ്റ്റിലാകുകയും ചെയ്തു.
രാഷ്ട്രപതിഭവനിലേക്കു പ്രക്ഷോഭകര്‍ ഇടിച്ചുകയറുന്നിടത്തേക്കുവരെ സംഭവഗതികള്‍ നീങ്ങിയതോടെ കടുത്ത നിയന്ത്രണത്തിന് സര്‍ക്കാര്‍ തുനിഞ്ഞു. രാഷ്ട്രപതി ഭവനു ചുറ്റും കര്‍ഫ്യു പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ ഏഴോളം മെട്രോ സ്റ്റേഷനുകള്‍ അധികൃതര്‍ അടച്ചിട്ടു. ഇന്ത്യാ ഗേറ്റിലേക്കുള്ള റോഡുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി.
അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ഡല്‍ഹിയെ 'ബലാത്സംഗ തലസ്ഥാനം' എന്ന് കുറ്റപ്പെടുത്തി. യു.പി മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് സ്വദേശികളായ യുവതിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തു.
സംഭവം നടന്ന് ആറാം ദിവസം സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയാനായി ശക്തമായ നിയമങ്ങള്‍ തയാറാക്കാനായി മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് വര്‍മ അധ്യക്ഷനായി ഒരു ജുഡിഷ്യല്‍ കമ്മിഷനെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നിയമിച്ചു. നിയമവിദഗ്ധര്‍, എന്‍.ജി.ഒകള്‍, സ്ത്രീസംഘടനകള്‍ എന്നിവയില്‍നിന്നു ലഭിച്ച 80,000ത്തോളം വരുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ജസ്റ്റിസ് വര്‍മാ കമ്മിഷന്‍ 29 ദിവസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 'കൂട്ടബലാത്സംഗം' എന്ന പുതിയ വ്യാഖ്യാനം തന്നെ നിയമത്തില്‍ കൂട്ടിച്ചേര്‍ത്ത കമ്മിഷന്‍ കടുത്ത നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. 2013ല്‍ സ്ത്രീസുരക്ഷയ്ക്കും ലിംഗസമത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 1,000 കോടി രൂപയുടെ 'നിര്‍ഭയാ ഫണ്ട് ' പ്രഖ്യാപിക്കുന്നിടത്തേക്കുവരെ ആ പ്രക്ഷോഭം എത്തിച്ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."