മീനച്ചിലാറിന്റെ തീരം കൈയേറിയുള്ള കൃഷി: റവന്യൂ സംഘം തെളിവെടുപ്പ് നടത്തി
ഏറ്റുമാനൂര്‍ : മീനച്ചിലാറിന്റെ തീരം കൈയേറി സ്വകാര്യവ്യക്തികള്‍ നട്ട കാര്‍ഷികവിളകള്‍ തിട്ടപ്പെടുത്തി ലേലം ചെയ്യുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പേരൂര്‍ വില്ലേജ് ഓഫീസര്‍ ബിന്ദു വി നായരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം വെള്ളിയാഴ്ച കൈയേറ്റഭൂമിയിലെ വിളകള്‍ പരിശോധിച്ചു.
ഏറ്റുമാനൂര്‍ നഗരസഭാ പരിധിക്കുള്ളില്‍ പേരൂര്‍ പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്ക് പാലം വരെയുള്ള 35 ഏക്കറോളം വരുന്ന തീരമാണ് സ്വകാര്യവ്യക്തികള്‍ കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങളും കൃഷിയും നടത്തിയിരുന്നത്.
മീനച്ചിലാര്‍ സംരക്ഷണസമിതി പ്രസിഡന്റ് മോന്‍സി പേരുമാലിലിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിനൊടുവില്‍ കഴിഞ്ഞ ജനുവരിയില്‍ റവന്യൂ വകുപ്പ് ഈ സ്ഥലം സര്‍വ്വേ നടത്തി വീണ്ടെടുക്കുകയായിരുന്നു.
സ്ഥലം കയ്യേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അത് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് വീണ്ടെടുത്ത സ്ഥലത്തെ കാര്‍ഷികവിളകള്‍ തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസര്‍ തിട്ടപ്പെടുത്താനെത്തിയത്. ഇന്നലെ നടന്ന പരിശോധനയില്‍ 2200 ചുവട് മരച്ചീനി ആറ്റുതീരത്ത് ഉണ്ടെന്ന് കണ്ടെത്തി. വിളവായതാണോ എന്നറിയാന്‍ ഏതാനും ചുവടുകള്‍ പറിച്ചുനോക്കി. ഒരു ചുവട്ടില്‍ ഏഴ് കിലോയോളം വിളഞ്ഞ മരച്ചീനിയുണ്ടായിരുന്നു. ഇന്നത്തെ വിപണിവില അനുസരിച്ച് കുറഞ്ഞത് രണ്ടര ലക്ഷം രൂപയുടെ മരച്ചീനി ഉണ്ടാവുമെന്ന് കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."