പെയിന്റിങ് തൊഴിലാളിയെ കൊന്ന കേസില്‍ ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍
മൂവാറ്റുപുഴ: കാണാതായ പെയിന്റിങ് തൊഴിലാളിയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍. മൂവാറ്റുപുഴ വാഴക്കുളത്തെ ഹോട്ടല്‍ ജീവനക്കാരനായ ഇടുക്കി മന്നാംകണ്ടം പഴമ്പിള്ളിച്ചാല്‍ പള്ളിത്താഴത്ത് സുജിത് തങ്കപ്പനെ (31) നെയാണ് വാഴക്കുളം പൊലിസ് അറസ്റ്റ് ചെയ്തത്. വാഴക്കുളം കാവന ചാവറ കോളനി ഭാഗത്ത് പേരാലിന് ചുവട്ടില്‍ നാരായണന്റെ മകന് സന്തോഷ്കുമാര്‍ (49) നെയാണ് കൊലപ്പെടുത്തിയത്. മാമലക്കണ്ടത്തിനു സമീപം ഫോറസ്റ്റ് സ്റ്റേഷനോടു ചേര്‍ന്നുള്ള ആറാം മൈല്‍ വട്ടവളവിലെ കൊക്കയില്‍ തള്ളിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ വാഴക്കുളത്തു നിന്നും സന്തോഷ്കുമാറിനെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നു പൊലിസ് നടത്തിയ അന്വേഷണത്തില്‍ വാഴക്കുളത്തെ ഒരു ഹോട്ടല്‍ ജീവനക്കാരനോടൊപ്പം മാരുതി കാറില്‍ സന്തോഷ് പോയതായി വിവരം ലഭിച്ചു. വിവിധയിടങ്ങളില്‍ നിന്നു ശേഖരിച്ച സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ നേര്യമംഗലം ഭാഗത്ത് എത്തിയിരുന്നതായും അറിഞ്ഞു. ഇതേ തുടര്‍ന്നു സുജിത്തിനെ പൊലിസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണന്ന് തെളിഞ്ഞത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കൊക്കയില്‍ മൃതദേഹം കണ്ടെത്തിയത്.
വാഴക്കുളത്തു നിന്നു ബന്ധുക്കളെത്തി രാത്രിയോടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്നലെ രാവിലെ മൃതദേഹം പുറത്തെടുത്ത് തെളിവെടുപ്പ് നടത്തി. സന്തോഷ് ധരിച്ചിരുന്ന മൂന്നു പവന് തൂക്കം വരുന്ന സ്വര്‍ണമാല അപഹരിച്ച ശേഷം സന്തോഷിനെ സുജിത് കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പത്തു വര്‍ഷമായി വാഴക്കുളത്ത് ഹോട്ടലില്‍ ജോലിചെയ്തു വരികയാണ് സുജിത്ത്. മഞ്ഞള്ളൂരിലുള്ള ഭാര്യ വീട്ടിലാണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്. മൂവാറ്റുപുഴ ഡിവൈസ്പി കെ.ബിജുമോന്, സിഐ സി. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാഴക്കുളം എസ്.ഐ.പി.ഐ.ഇബ്രാഹിം, എഎസ്ഐ കെ.കെ. രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരീഷ് കുമാര്‍, വി.എം. ജമാല്‍, രാജഗോപാല്‍, ദിലീപ്കുമാര് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."