പ്രളയം: ജില്ലയിലെ കിണറുകളില്‍ ബാക്ടീരിയ സാന്നിധ്യം
കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ വാട്ടര്‍ ക്വാളിറ്റി ലാബില്‍ കഴിഞ്ഞദിവസം നടന്ന പരിശോധനകളിലാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രളയത്തെ തുടര്‍ന്ന് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ജലസ്രോതസില്‍ കലരുന്നതാണ് ബാക്ടീരിയകളുടെ സാന്നിധ്യത്തിനു കാരണം.
കഴിഞ്ഞദിവസം മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചേമഞ്ചേരിയില്‍ നിന്നുള്ള സാംപിളുകളിലും ചാത്തമംഗലം, ഓമശ്ശേരി, കൊടുവള്ളി, കുന്ദമംഗലം, ചെത്തുകടവ് തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകളിലുമാണ് കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയത്. ചേമഞ്ചേരിയില്‍ നിന്ന് 15 സാംപിളുകളാണു പരിശോധിച്ചത്. ഇന്നലെ മുക്കത്തുനിന്നും പരിശോധനയ്ക്കായി കുടിവെള്ള സാംപിളുകള്‍ എത്തിച്ചു. ഇതിന്റെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. ജലസ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താതെ ഉപയോഗിക്കരുതെന്നാണ് ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്. സാധാരണ ക്ലോറിനേഷന്റെ ഇരട്ടി ഡോസിലാണ് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നത്.
കിണറുകള്‍ വറ്റിച്ച ശേഷം ക്ലോറിനേഷന്‍ നടത്തണമെന്ന് നിര്‍ബന്ധമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കിണര്‍ പെട്ടെന്നു വറ്റിക്കുന്നത് ചിലയിടങ്ങളില്‍ കിണര്‍ ഇടിയാന്‍ കാരണമാകും. പാറയുള്ള കിണറാണെങ്കില്‍ ഇടിയാന്‍ സാധ്യത കുറവാണ്. മഴക്കാലമായതിനാല്‍ വെള്ളം വറ്റിക്കുന്നതും ശ്രമകരമാണ്. സൂപ്പര്‍ ക്ലോറിനേഷന്‍ ആണെങ്കില്‍ മാത്രമേ ജലം സുരക്ഷിതമായി പിറ്റേന്നുതന്നെ ഉപയോഗിക്കാനാകൂ. പ്രളയദുരിത മേഖലയില്‍ വെള്ളത്തിന്റെ പരിശോധന സി.ഡബ്ല്യു.ആര്‍.ഡി.എം സൗജന്യമായാണ് നടത്തുന്നത്. മൈക്രോബയോളജി പരിശോധന മാത്രമാണ് സൗജന്യമായി നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."