കരസേന മടങ്ങി; ഒരു കുഞ്ഞുജീവനെക്കൂടി ഭൂമിയിലെത്തിച്ച ചാരിതാര്‍ഥ്യത്തോടെ
കാക്കനാട് : നിരവധി ജീവനുകളെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച കരസേന രക്ഷാദൗത്യം പൂര്‍ത്തിയാക്കി മടങ്ങി. പ്രസവത്തീയതിയെത്തിയ ഗര്‍ഭിണിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ഒരു കുഞ്ഞുജീവനെ കേടുപാടുകൂടാതെ ഭൂമിയിലെത്താന്‍ സഹായിച്ചതും ഇതേ സംഘം തന്നെയാണ്. കരസേനയുടെ 19 മദ്രാസ് റെജിമെന്റിലെ ക്യാപ്റ്റന്‍ ഡൊമിനെ പ്രശീലിനു കീഴില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ 75 അംഗ സൈനിക സംഘം ഇക്കാരണത്താല്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിക്കഴിഞ്ഞു.
തിരുവനന്തപുരത്തെ ആര്‍മി ക്യാംപില്‍ നിന്നും ആഗസ്റ്റ് 11 നാണ് രക്ഷാപ്രവര്‍ത്തനത്തിന് സംഘം ജില്ലയിലെത്തിയത്. 14 മുതല്‍ പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളജിലെ ക്യാംപില്‍ കര്‍മ്മനിരതരായി. ചാലാക്ക, മാളവന, എളന്തിക്കര, കല്ലേപ്പറമ്പ് , സ്റ്റേഷന്‍കടവ്, കുട്ടന്‍തുരുത്ത്, തുരുത്തിപ്പുറം, മാഞ്ഞാലി പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനമായിരുന്നു സംഘത്തിന്റെ ദൗത്യം. റോഡില്‍ വെള്ളം ഒരു മീറ്ററിലധികം ഉയര്‍ന്നു നിന്നിരുന്ന ആഗസ്റ്റ് 16ന് ഉച്ചക്ക് രണ്ടരയോടെയാണ് പുത്തന്‍വേലിക്കര ഐവീട്ടില്‍ ശ്രീനിവാസന്‍ ഭാര്യക്ക് പ്രസവവേദന തുടങ്ങിയെന്നറിയിച്ച് സൈന്യത്തിന്റെ സഹായം തേടിയത്.
പാലക്കാട് സ്വദേശി സുബേദാര്‍ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം അമൃതയെ ക്യാംപില്‍ നിന്നു ലഭിച്ച ഇരുമ്പു കട്ടിലില്‍ കിടത്തി മിലിട്ടറി ട്രക്കില്‍ അവര്‍ ചികിത്സ തേടിയിരുന്ന കൊടുങ്ങല്ലൂര്‍ എം.ഐ.റ്റി. ആശുപത്രിയിലെത്തിച്ചു. പിറ്റേ ദിവസം രാവിലെ 11ന് അമൃത ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രളയത്തെ അതിജീവിച്ച് സുഖമായി കുഞ്ഞു പിറന്ന വാര്‍ത്ത വാട്‌സ് ആപ്പ് വീഡിയോ സന്ദേശത്തിലൂടെ ശ്രീനിവാസന്‍ അന്നു തന്നെ പങ്കുവച്ചു. മടങ്ങുന്നതിനു മുമ്പ് കുഞ്ഞിനെ കണ്ട് ഒരു കുഞ്ഞുടുപ്പ് സമ്മാനിക്കാന്‍ സുബേദാര്‍ നൗഷാദും സംഘവും ഒരിക്കല്‍ക്കൂടി കൊടുങ്ങല്ലൂര്‍ എം.ഐ.ടി. ആശുപത്രിയിലെത്തി.
പ്രാദേശിക മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇത് വീണ്ടും വാര്‍ത്തയായി. മദ്രാസ് റെജിമെന്റിനു പുറമേ 13 ബറ്റാലിയന്‍ ഗഡ് വാള്‍ റൈഫിളിലെ 75 സൈനികരും കരസേനയുടെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നു. ഇരു വിഭാഗങ്ങളും ചേര്‍ന്ന് ആറായിരത്തിലധികം പേരെ സുരക്ഷിതരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."