വോട്ടുപിടിത്തം കഴിഞ്ഞു; ഇനി 'കുട്ടികളെപിടിത്തം'
തിരുവനന്തപുരം: വീടുവീടാന്തരം കയറിയുള്ള വോട്ടുപിടിത്തം കഴിഞ്ഞതോടെ സംസ്ഥാനം മറ്റൊരു വീടുകയറ്റത്തിന് വേദിയാകുന്നു.
പുതിയ അധ്യയനവര്‍ഷം തുടങ്ങാന്‍ ഒരു മാസം മാത്രം ശേഷിക്കേ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് അധ്യാപകര്‍ വീടുകള്‍ കയറിയിറങ്ങാന്‍ പോവുകയാണ്. ഇവര്‍ക്കു പുറമെ സ്വകാര്യ സ്‌കൂളുകാരും രംഗത്തുണ്ടാകും.
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് അധ്യാപകരും പി.ടി.എ അംഗങ്ങളും വീടുവീടാന്തരം കയറി കാംപയിന്‍ നടത്തുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കണമെന്ന ആവശ്യവുമായാണ് ഭവന സന്ദര്‍ശനം നടത്തുന്നത്. ഇതിനായി പഠനോത്സവം മുതല്‍ പ്രവേശനോത്സവം വരെ എന്ന പേരില്‍ വിവിധ പരിപാടികളും വിദ്യാഭ്യാസ വകുപ്പ് നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്ന പദ്ധതിയാണ് പഠനോത്സവം. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയുള്ള ഒരു മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഇതിനായി മാറ്റിവച്ചിരുന്നത്. പഠനോത്സവത്തിന്റെ അടുത്തഘട്ടമെന്ന നിലയിലാണ് അധ്യാപകരുടെയും രക്ഷാകര്‍തൃസമിതി അംഗങ്ങളുടെയും ഭവനസന്ദര്‍ശന പരിപാടികള്‍ നടന്നുവരുന്നത്. ഒന്നേമുക്കാല്‍ ലക്ഷം കുട്ടികളാണ് കഴിഞ്ഞ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. ഒന്നാംതരത്തില്‍ 12,000ത്തോളം കുട്ടികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ അധികമായി പ്രവേശനം നേടി. 2017-18ല്‍ 1,22,000 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ അധികമായെത്തിയിരുന്നു. ഈ വര്‍ഷം രണ്ടരലക്ഷം കുട്ടികളെയെങ്കിലും പുതുതായി പൊതുവിദ്യാലയത്തിലെത്തിക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."