വീടുകളിലെത്തുമ്പോള്‍ ശ്രദ്ധിക്കുക
കൊച്ചി: വെള്ളമിറങ്ങിയ ശേഷം വീടുകളിലെത്തുമ്പോള്‍ കരുതല്‍ അത്യാവശ്യമാണ്. വീടുകളില്‍ വൈദ്യുതി ഷോക്ക്, പാമ്പുകള്‍, മറ്റ് ക്ഷുദ്ര ജീവികള്‍ എന്നിവ ഇല്ലായെന്ന് ഉറപ്പുവരുത്തിയ ശേഷം ചെരുപ്പ് ധരിച്ച് അകത്തു കയറുക. വീടുകളുടെയും സ്ഥാപനത്തിന്റെയും പരിസരത്തുള്ള മാലിന്യങ്ങള്‍ കൈയ്യുറ, മാസ്‌ക് എന്നിവ ധരിച്ചുകൊണ്ട് നീക്കം ചെയ്യുക. വീടുകളിലെയും സ്ഥാപനങ്ങളിലെയും വെള്ളം കയറി മലിനമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. ഏതെങ്കിലും രോഗങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം പതിവായി മരുന്ന് കഴിക്കുന്നവര്‍ അത് തുടരേണ്ടതാണ്. എലിപ്പനിക്കുള്ള പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളികആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ( ആഴ്ചയില്‍ ഒരിക്കല്‍ 200 എം.ജി) നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.
വീടുകള്‍ ശുചീകരിക്കുന്ന രീതി
വീടുകളും സ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ബ്ലീച്ചിങ് പൌഡര്‍ ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. ഇതിനായി 10 ലിറ്റര്‍ വെള്ളത്തിന് 150 ഗ്രാം ബ്ലീച്ചിങ് പൗഡറും, രണ്ടോ, മൂന്നോ ടേബിള്‍ സ്പൂണ്‍ സോപ്പ് പൊടി,അലക്കുകാരം എന്ന കണക്കില്‍ കലര്‍ത്തി ശുചീകരണത്തിനുള്ള ലായനി തയ്യാറാക്കാം. ഈ ലായനി ഉപയോഗിച്ച് വേണം വീടിനകവും, ഫര്‍ണീച്ചര്‍, പാത്രങ്ങള്‍ ,വൈദ്യുത ഉപകരണങ്ങള്‍ ഒഴികെയുള്ള മറ്റ് സാധന സാമഗ്രികള്‍ എന്നിവ ശുചീകരിക്കുവാന്‍. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്കയും, ബ്ലീച്ചിങ് പൗഡറും കലര്‍ത്തിയ മിശ്രിതം ഉപയോഗിക്കാം. ഇതിനായി ഒരുകിലോ നീറ്റുകക്കക്ക് 250 ഗ്രാം ബ്ലീച്ചിങ് പൌഡര്‍ എന്ന കണക്കില്‍ മിശ്രിതം തയ്യാറാക്കി ഉപയോഗിക്കാം.
കുടിവെള്ളം ശ്രദ്ധയോടെ ഉപയോഗിക്കുക
കുടിവെള്ള സ്രോതസുകളായ കിണറുകളും, ടാങ്കുകളും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയതിന് ശേഷം മാത്രം ഉപയോഗിക്കുക. ക്ലോറിനേഷന്‍ ചെയ്യുന്നതിന് മുന്‍പായി ടാങ്കുകളിലും മറ്റുമുള്ള വെള്ളം ഒഴുക്കി കളയുക. ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ച് ടാങ്കും, ഓവര്‍ഹെഡ് ടാങ്കും നന്നായി കഴുകുക. അതിനു ശേഷം വെള്ളം നിറച്ചശേഷം ക്ലോറിനേറ്റ് ചെയ്യണം.
ശരിയായ അളവില്‍ ക്ലോറിന്‍ ഉപയോഗിച്ച് കുടിവെള്ളം ശുദ്ധീകരിക്കണം. ക്ലോറിനേഷന്‍ നടത്തുന്നതിന് മുന്‍പായി കിണറുകളിലെയും, ടാങ്കുകളിലെയും വെള്ളത്തിന്റെ അളവ് കണക്കാക്കുക.
1000 ലിറ്റര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുവാന്‍ 5 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ വേണം. ബ്ലീച്ചിങ് പൗഡര്‍ ബക്കറ്റിലെടുത്ത് കുഴച്ച് പേസ്റ്റ് പരുവത്തിലാക്കുക.വെള്ളം കുറേശ്ശേയായി ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വരെ ഒഴിച്ച് നന്നായി കലക്കുക.ബ്ലീച്ചിങ് പൌഡര്‍ അടിയാന്‍ 10-15 മിനിറ്റ് അനക്കാതെ വെയ്ക്കുക. തെളിഞ്ഞ വെള്ളം ബക്കറ്റിലാക്കി നല്ലതുപോലെ ഇളക്കി കലക്കുക. തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷം ഈ വെള്ളം ഉപയോഗിക്കാവുന്നതാണ്.
ക്ലോറിന്‍ ഗുളിക ആണ് ഉപയോഗിക്കേണ്ടതെങ്കില്‍ 20 ലിറ്റര്‍ വെള്ളത്തിന് 500 എം.ജിയുടെ ഒരു ക്ലോറിന്‍ ഗുളിക എന്ന കണക്കില്‍ ഉപയോഗിക്കാം. ലിക്വിഡ് ക്ലോറിനാണ് ഉപയോഗിക്കുന്നതെങ്കില്‍ 1000 ലിറ്റര്‍ വെള്ളത്തിന് 20 എം.എല്‍ ലിക്വിഡ് ക്ലോറിന്‍ ആവശ്യമായി വരും
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, കുപ്പിവെള്ള മാണെങ്കില്‍ പോലും. വെള്ളം തിളച്ചു തുടങ്ങിയതിനുശേഷം 20 മിനിട്ട് നേരം വെട്ടിത്തിളക്കുവാന്‍ അനുവദിക്കുക. ക്ലോറിനേറ്റ് ചെയ്ത ജലമാണെങ്കിലും തിളപ്പിച്ചശേഷം കുടിക്കുവാന്‍ ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."