പോളിങ് ബൂത്തിന് മാത്രമായി ബോണക്കാട് സ്‌കൂള്‍
നെടുമങ്ങാട് : പോളിങ് ബൂത്തിന് മാത്രമായി ഇവിടെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍. ഒരു കാലത്തു തോട്ടം മേഖലയില്‍ രാജാവായിരുന്ന വിതുര ബോണക്കാട് സര്‍ക്കാര്‍ യു.പി സ്‌കൂളാണ് ഇപ്പോള്‍ ഇലക്ഷന് ബൂത്തിനായി മാത്രം തുറക്കുന്നത്. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഈ സ്‌കൂള്‍ അടച്ചു പൂട്ടിയിരിക്കുകയാണ്. ബോണക്കാട് തോട്ടത്തില്‍ മിഡില്‍ സ്ഥലത്താണ് സ്‌കൂള്‍ കെട്ടിടം.
വന്യ മൃഗങ്ങളുടെ ശല്യമുള്ള ഈ ബൂത്തില്‍ ഏറെ സാഹസപ്പെട്ടാണ് പോളിങ് ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത്. ഇതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇവിടെ വോട്ടര്‍മാരെ എത്തിക്കുക എന്നുള്ളത്. തോട്ടം മേഖലയില്‍ ആയിരത്തിനകത്തു വോട്ടര്‍മാര്‍ നേരത്തെ ഉണ്ടായിരുന്നു എങ്കില്‍ ഇപ്പോള്‍ തോട്ടം അടച്ചതോടെ നൂറിന് താഴെ മാത്രമേ തൊഴിലാളികള്‍ ബോണക്കാട് ഉള്ളൂ. ബാക്കിയുള്ള വോട്ടര്‍മാര്‍ കുടുംബസമേതം അന്യ സംസ്ഥാനങ്ങളില്‍ ആണ് ഇപ്പോള്‍ ഉള്ളത്.
ബോണക്കാട് തോട്ടം അടച്ചതോടെ തൊഴിലില്ലാതായ ഇവിടുത്തെ തൊഴിലാളികള്‍ തമിഴ്‌നട്ടിലും കര്‍ണാടകയിലും ചേക്കേറുക ആയിരുന്നു. ഇലക്ഷന് സമയങ്ങളില്‍ ഇവരെ ഇവിടെഎത്തിച്ചു വോട്ടു ചെയ്യിപ്പിച്ചു മടക്കി അയക്കലാണ് സ്ഥാനാര്‍ഥികള്‍ ചെയ്യുന്നത്. ഇന്ന് വോട്ട് ചെയ്യിപ്പിക്കാന്‍ ഇവരെ എത്തിക്കാന്‍ സ്ഥാനാര്‍ഥികളും അണികളും അന്യ സംസ്ഥാനത്തു ഏറെ വിയര്‍പ്പ് ഒഴുക്കിയിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ബന്ധുക്കളെ തേടിപ്പിടിച്ചു ഇവരെയും കൊണ്ട് വോട്ടര്‍മാര്‍ ഉള്ള സംസ്ഥാനങ്ങളില്‍ പോയി അവരെ കണ്ടു ഇലക്ഷന് മുന്‍പ് തന്നെ ബോണക്കാട് എത്തിക്കാനുള്ള എല്ലാ സഹായവും ചെയ്താണ് പാര്‍ട്ടിക്കാര്‍ മടങ്ങുന്നത്.
ഇത്രയും പാടുപെട്ടു ഇവരുടെ വോട്ടുകള്‍ പെട്ടിയിലാക്കുമ്പോഴും ബോണക്കാട് തോട്ടത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരും നടത്തുന്നില്ല എന്നുള്ളതാണ് ശ്രദ്ധേയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."