കേന്ദ്രസര്‍ക്കാര്‍ നിലപാട്; വിമാനത്താവളങ്ങളിലെ കരാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാകും
കൊണ്ടോട്ടി: വിമാനകമ്പനികള്‍ തന്നെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികളും നിര്‍വഹിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിലപാട് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് കരാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാകും.
എയര്‍ ഇന്ത്യയുടെ സഹോദര സ്ഥാപനമായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസ് ലിമിറ്റഡിനു(എ.എ.ടി.എസ്.എല്‍)കീഴില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ തൊഴിലാളികളാണ് തൊഴില്‍ ഭീഷണി നേരിടുന്നത്.
ഡല്‍ഹിയിലെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഇത്തരം തൊഴിലാളികള്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പ്രവേശിക്കാന്‍ പാസ് അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എ.എ.ടി.എസ്.എല്ലില്‍ തന്നെ കരാര്‍ ഏറ്റെടുത്ത ദില്ലി ആസ്ഥാനമായ കുള്ളാര്‍ കരാര്‍ കമ്പനിയ്ക്ക് കീഴില്‍ കരിപ്പൂരില്‍ മാത്രം 448 പേരാണ് ജോലിയിലുള്ളത്.
ഇവര്‍ക്ക് ചൊവ്വാഴ്ച താല്‍ക്കാലികമായി അനുവദിച്ച പാസിന്റെ കാലാവധി ഇന്ന് തീരും. എ.എ.ടി.എസ്.എല്‍ തൊഴിലാളികളെ നേരിട്ട് ഏറ്റെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
2011 മുതലാണ് എ.എ.ടി.എസ്.എല്ലും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വിമാന കമ്പനികള്‍ തന്നെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികള്‍ നേരിട്ട് നിര്‍വഹിക്കണമെന്നും ഉപകരാര്‍ വഴിയുള്ള ജീവനക്കാരെ അനുവദിക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിലപാട്.
ഇതു സംബന്ധിച്ച് സുപ്രിംകോടതിയില്‍ കേസും നിലവിലുണ്ട്. കരിപ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ പാസ്‌നിഷേധം ചെന്നൈ വിമാനത്താവളത്തില്‍ നേരത്തെയുണ്ടായിരുന്നു.
എയര്‍ ഇന്ത്യ വിമാനക്കമ്പനിയിലെ യാത്രക്കാരുടെ ബാഗേജ് ക്ലിയറന്‍സ്, കൗണ്ടറുകളുടെ പ്രവര്‍ത്തനം, വിമാന ശുചീകരണം, ബാഗേജ് കയറ്റിറക്കുമതി തുടങ്ങിയവ നടത്തുന്നത് ഇത്തരം തൊഴിലാളികളാണ്. കരിപ്പൂരില്‍ എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് പുറമെ ഖത്തര്‍ എയര്‍വേഴ്‌സിന്റെ വിമാനത്തിന്റെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികളും നിര്‍വഹിക്കുന്നത് എ.എ.ടി.എസ്.എല്ലില്‍ നിന്ന് ഉപകരാര്‍ ഏറ്റെടുത്ത കുള്ളാര്‍ കമ്പനിയാണ്.
മൂന്നു വര്‍ഷത്തേക്കാണ് കുള്ളാര്‍ കമ്പനി കരാര്‍ ഏറ്റെടുത്തത്. നേരത്തെ ചെന്നെ ആസ്ഥാനമായുള്ള ബ്രൈറ്റ് ഷൈന്‍ കമ്പനിയായിരുന്നു. ഇവര്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനവും ഇ.എസ്.ഐ, പി.എഫ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചാണ് പിന്‍മാറിയത്. തുടര്‍ന്നെത്തിയ കുള്ളാര്‍ കമ്പനിയും രണ്ടു വര്‍ഷമായി ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. ബി.സി.എ.എസ് പാസ് അനുവദിക്കാതിരുന്നാല്‍ കമ്പനി കരാര്‍ ഒഴിയുകയും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുമെന്ന ആശങ്കയാണുള്ളത്. പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ എയര്‍ ഇന്ത്യക്ക് കൂടുതല്‍ സര്‍വിസുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാന സര്‍വിസുകളെ ബാധിക്കും.
എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികളില്‍ ജീവനക്കാര്‍ കുറവായതിനാല്‍ മറ്റു വിമാനത്താവളങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."